ശബരിമല ; സംയോജിത കൺട്രോൾ റൂം പമ്പയിലും നിലയ്ക്കലിലും

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ട് സംയോജിത കൺട്രോൾ റൂം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. കലക്ടറേറ്റ് പമ്പാ ഹാളിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തുകയായിരുന്നു ജില്ലാ കലക്ടർ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും കൺട്രോൾ റൂമിന്‍റെ പ്രവർത്തനം.
ഭക്ഷ്യ പൊതുവിതരണം, സർവേ ഭൂരേഖ, തദ്ദേശസ്വയംഭരണം, ലീഗൽ മെട്രോളജി, ആരോഗ്യം എന്നീ വകുപ്പുകളിൽ നിന്നും സാനിറ്റേഷൻ/സ്‌ക്വാഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാനിറ്റേഷൻ മോണിറ്ററിങ് ഓഫീസർമാരെയും, അളവ്, വില നിയന്ത്രണം, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് എന്നിവ ഉറപ്പുവരുത്തുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ശബരിമല ജോയിന്‍റ് എൻഫോഴ്സ്മെന്‍റ് ആൻഡ് മോണിറ്ററിങ് സ്‌ക്വാഡുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചു.വടശ്ശേരിക്കര മുതൽ അട്ടത്തോട് വരെയുള്ള തീർഥാടന പാതയുടെ വശങ്ങളിൽ ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും പത്തനംതിട്ട മുതൽ സന്നിധാനം വരെയുള്ള തീർഥാടന പാതകളിൽ അനധികൃത വഴിയോരക്കച്ചവടം നടത്തുന്നതും നിരോധിച്ചു. ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കും.
ളാഹ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചുവയ്ക്കുന്നതും പാചകം ചെയ്യുന്നതും വിൽപന നടത്തുന്നതും നിരോധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റു പാർക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപത്തും വാഹനങ്ങളിലും പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ളാഹ മുതൽ സന്നിധാനം വരെ ഹോട്ടലുകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറിന്‍റെ എണ്ണം അഞ്ചായി നിജപ്പെടുത്തി.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രവർത്തിക്കുന്നതിന് ഏകീകൃത ശബരി വെബ്പോർട്ടൽ ഉണ്ടാകും. www.sabarideptal.in വെബ് വിലാസത്തിലുള്ള പോർട്ടലിൽ ആരോഗ്യം, ദുരന്ത നിവാരണം, മുന്നറിയിപ്പ്, ഭക്തജനത്തിരക്ക്, വാഹന അപകടം, ശുചീകരണം തുടങ്ങിയവ ഒരു പ്ലാറ്റ്‌ഫോമിൽ ക്രമീകരിച്ചിട്ടുണ്ട്.
സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിലായി മൂന്ന് താൽക്കാലിക പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂം, ഏകോപനത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ 24 മണിക്കൂറും പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും.പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 3000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള അനധികൃത കച്ചവടം, ഭിക്ഷാടനം എന്നിവ നിയന്ത്രിക്കുന്നതിന് 24 മണിക്കൂറും പട്രോളിങ് ഏർപ്പെടുത്തും. ശബരിമല എഡിഎം ആയി അരുൺ എസ്. നായർ പ്രവർത്തിക്കും.
ശുചിത്വ-മാലിന്യ സംസ്കരണം
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ശുചിത്വ-മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജൈവ, അജൈവ മാലിന്യ സംസ്കരണം ശക്തിപ്പെടുത്തും. സന്നിധാനത്ത് പുതിയതായി സ്ഥാപിച്ച തുമ്പൂർമുഴി ബിന്നുകൾ, നിർമാണം പുരോഗമിക്കുന്ന ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ പ്രവർത്തനത്തിനായി അംഗീകൃത ഏജൻസികളെ ഏൽപ്പിക്കും. അജൈവമാലിന്യം പൂർണമായും ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യും.മാലിന്യം കത്തിക്കുന്നത് പൂർണമായി ഒഴിവാക്കും. സന്നിധാനത്ത് ശേഖരിക്കുന്ന മുഴുവൻ അജൈവ മാലിന്യങ്ങളും ബെയിൽ ചെയ്ത് ബണ്ടിലുകളാക്കി സൂക്ഷിക്കും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം നടപ്പാക്കുമെന്നും ശുചിത്വ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ പറഞ്ഞു.
മുന്നൊരുക്കം പൂർത്തിയായി
ശബരിമല തീർഥാടനകാല മുന്നൊരുക്കം പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. 80 കാർഡിയോളജിസ്റ്റുകൾ ഉൾപ്പെടെ 386 ഡോക്ടർമാരേയും 1394 പാരാമെഡിക്കൽ ജീവനക്കാരെയും തീർഥാടന ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും സി.പി.ആർ. ഉൾപ്പടെയുള്ള അടിയന്തര ചികിത്സാ പരിശീലനം നൽകിയിട്ടുണ്ട്. ആന്റിവെനം ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളും ലഭ്യമാക്കി.ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്‍റെ അഭിമുഖ്യത്തിൽ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയ പ്രവർത്തനത്തിന്‍റെ ഒന്നാംഘട്ടം പൂർത്തിയാക്കി. തീർഥാടകർക്ക് ആരോഗ്യവകുപ്പിൽനിന്ന് നൽകുന്ന നിർദേശങ്ങൾ അടങ്ങുന്ന ബോർഡുകൾ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇടത്താവളങ്ങളുടെ സമീപവും സ്ഥാപിച്ചു. തീർഥാടകർ എത്താൻ സാധ്യതയുള്ള ഹോട്ടലുകളും മറ്റ് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളും പരിശോധിച്ചു വൃത്തിഹീനമായവ അടച്ചുപൂട്ടി.ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണന്‍റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി. വകുപ്പ് നൽകുന്ന നിർദേശം തീർഥാടകർ പാലിക്കണമെന്നും സാവധാനം വിശ്രമിച്ച് മലകയറണം. അടിയന്തര ആവശ്യങ്ങൾക്ക് ആംബുലൻസുകൾ വിന്യസിക്കുന്നതിനുള്ള നടപടി പൂർത്തിയായെന്നും നിലവിലെ ചികിത്സാ സംവിധാനത്തിനു പുറമെ 22 എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ സജ്ജമാക്കിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.