സ്‌കൂൾ യൂണിഫോമിന്‍റെ ഭാഗമല്ലാത്ത ഹിജാബിനെ ചൊല്ലി തര്‍ക്കം; സ്‌കൂളിനെതിരെ SDPI ,പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്

എറണാകുളം: യൂണിഫോമിന്‍റെ ഭാഗമല്ലാത്ത ഹിജാബ് ധരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കൊച്ചിയിലെ പള്ളുരുത്തിയിലുള്ള സ്വകാര്യ സ്‌കൂളിന് അവധി പ്രഖ്യാപിച്ച് പ്രിന്‍സിപ്പാള്‍. ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ് നടത്തുന്ന സെന്‍റ് റീത്താസ് പബ്ലിക് സ്‌കൂളിനാണ് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചത്.എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരുമായി നടന്ന തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് മാറിയതും അവധി പ്രഖ്യാപിക്കാന്‍ കാരണമായതുിം.
സെന്‍റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആര്‍സി അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിഷയം പൊതുശ്രദ്ധയിലെത്തിയത്. നിര്‍ദ്ദിഷ്ട യൂണിഫോം അല്ലാതെ എത്തിയ വിദ്യാര്‍ഥിനിയെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും കുട്ടിയുടെ മാതാപിതാക്കളും സ്‌കൂളുമായി ബന്ധമില്ലാത്ത ചില വ്യക്തികളും നടത്തിയ മോശം പെരുമാറ്റം കാരണം വിദ്യാര്‍ഥികളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവധി തേടിയതായി പ്രിന്‍സിപ്പല്‍ കത്തില്‍ പറയുന്നു.രക്ഷാകര്‍തൃ-അധ്യാപക അസോസിയേഷന്‍ (പിടിഎ) എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. രാജ്യം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ അവകാശങ്ങള്‍ക്കും അനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.ബുധനാഴ്ച പരീക്ഷകള്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുപ്പിനായി അവധി അനുവദിച്ചതായും എന്നാല്‍ അവധിക്ക് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ 30 വര്‍ഷമായി സ്‌കൂള്‍ ഏകീകൃത വസ്ത്രധാരണ രീതി പിന്തുടരുന്നുണ്ടെന്നും എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ അത് പാലിച്ചുവെന്നും പിടിഎ അംഗം ജോഷി കൈതവളപ്പില്‍ പറഞ്ഞു. എന്നിരുന്നാലും, ഒരു വിദ്യാര്‍ഥിക്ക് ഹിജാബ് ധരിച്ചേ എത്താന്‍ സാധിക്കൂ എന്ന് മാതാപിതാക്കള്‍ ശാഠ്യം പിടിച്ചു. കൂടാതെ ഒരു സംഘം സ്‌കൂളില്‍ എത്തി് വിദ്യാര്‍ഥികളിലും അധ്യാപകരിലും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. അതിനാല്‍, രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) യുടെ പിന്തുണയോടെയാണ് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് മോശമായി പെരുമാറിയത്. സ്‌കൂളിലെ ഭൂരിപക്ഷം അധ്യാപകരും കന്യാസ്ത്രീകളാണെന്നും പിടിഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.സ്‌കൂളില്‍ വന്ന ആളുകള്‍ എസ്ഡിപിഐയില്‍ നിന്നുള്ളവരാണെന്നും കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ആരോപണങ്ങള്‍ക്ക് എസ്‌ഡിപിഐ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സ്‌കൂള്‍ മാനെജ്‌മെന്റ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിട്ടുണ്ട്.
ഈ അധ്യയന വര്‍ഷത്തിലാണ് തന്‍റെ മകള്‍ സ്‌കൂളില്‍ ചേര്‍ന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തലയില്‍ ഷാള്‍ ധരിച്ചതിനാല്‍ യൂണിഫോമിന്റെ സമാനതയെ അത് ബാധിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. മുമ്പ്, ക്ലാസ് മുറിക്കുള്ളില്‍ അത് നീക്കം ചെയ്യാന്‍ അവളോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ സ്‌കൂള്‍ ഗേറ്റില്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും ബന്ധപ്പെട്ട മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മകളെ തല മറയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍, മറ്റൊരു സ്‌കൂളിലേക്ക് മാറ്റുമെന്നും പിതാവ് പറഞ്ഞു.
സ്‌കൂളില്‍ ഒരു നിശ്ചിത വസ്ത്രധാരണ രീതിയുണ്ടെന്നും, പ്രവേശന സമയത്ത് വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏകദേശം നാല് മാസമായി യൂണിഫോമിനോട് വിദ്യാര്‍ത്ഥിക്ക് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ അടുത്തിടെ, അവള്‍ അതിന് മുകളില്‍ ഒരു അധിക വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 10 ന് വിദ്യാര്‍ത്ഥിനി ഹിജാബ് അടങ്ങിയ വ്‌സ്ത്രം ധരിച്ചാണ് എത്തിയത്. തുടര്‍ന്ന് ഒരു അധ്യാപകന്റെ സാന്നിധ്യത്തില്‍ അവളെ കോണ്‍ഫറന്‍സ് റൂമിലേക്ക് കൊണ്ടുപോയശേഷം മാതാപിതാക്കളെ വിളിച്ചുവരുത്തിയിരുന്നു.എന്നാല്‍ ആറോളം പേരുടെ അകമ്പടിയോടെ രക്ഷിതാവ് സ്‌കൂളിലെത്തി ഇവിടെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ സ്‌കൂള്‍ സമയത്ത് വീഡിയോകള്‍ റെക്കോര്‍ഡു ചെയ്‌തെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം നടത്തിയതായും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. അധ്യാപകരും ജീവനക്കാരും മാനസിക സമ്മര്‍ദത്തിലാണെന്നും ഒരു ഇടവേള ആവശ്യമായതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും സ്‌കൂള്‍ ബുധനാഴ്ച വീണ്ടും തുറക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.