രാമക്ഷേത്ര സംഭാവനയിലെ അഴിമതി; പണം ഒളിപ്പിച്ചത് ശൗചാലയത്തിൽ, 39 ദിവസത്തിനിടെ 70 തവണ തട്ടിപ്പ് നടത്തി

രാമക്ഷേത്ര സംഭാവനയിലെ അഴിമതി; പണം ഒളിപ്പിച്ചത് ശൗചാലയത്തിൽ, 39 ദിവസത്തിനിടെ 70 തവണ തട്ടിപ്പ് നടത്തി

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികൾ പണവും ഭക്തർ സമർപ്പിച്ച സ്വർണ്ണ-വെള്ളി ആഭരണങ്ങളും മോഷ്ടിക്കുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ക്ഷേത്രത്തിലെ കൗണ്ടറുകളിൽ ഇരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനൊപ്പം പ്രതികൾ അതിവിദഗ്ദ്ധമായി നോട്ടുകെട്ടുകൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേവലം 39 ദിവസത്തിനിടെ എഴുപതോളം (70) തവണ ഇത്തരത്തിൽ വൻതോതിൽ പണം കടത്തിയതായി എസ്‌.ഐ.ടി സ്ഥിരീകരിച്ചു.

കൗണ്ടറുകളിൽ വച്ച് മോഷ്ടിക്കുന്ന പണം പ്രതികൾ ക്ഷേത്ര സമുച്ചയത്തിലെ ശൗചാലയത്തിലാണ് താൽക്കാലികമായി സൂക്ഷിച്ചിരുന്നതെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. ആരും സംശയിക്കാത്ത രീതിയിൽ ശൗചാലയത്തിൽ ഒളിപ്പിച്ച ശേഷം സുരക്ഷിതമായ സമയങ്ങളിലാണ് ഇവ പുറത്തേക്ക് കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളിലാണ് നിരന്തരമായി കുറവ് വന്നിരുന്നത്. ക്ഷേത്രത്തിൽ നിന്നും പണം സ്വീകരിച്ചിരുന്ന ബാങ്ക് ഉദ്യോഗസ്ഥർ തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിരുന്നില്ല. കേവലം നോട്ടുകെട്ടുകളുടെ എണ്ണം മാത്രം നോക്കി വൗച്ചറുകൾ നൽകിയ ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയും തട്ടിപ്പിന് ആക്കം കൂട്ടി.ഭക്തർ പെട്ടിയിലിടുന്ന വിലപിടിപ്പുള്ള സ്വർണ്ണ, വെള്ളി ആഭരണങ്ങൾ പണത്തിനൊപ്പം കലരാത്ത രീതിയിൽ പ്രതികൾ തുടക്കത്തിൽ തന്നെ മാറ്റി വെച്ചിരുന്നു. സംഭാവനപ്പെട്ടിയിൽ നിന്നും ലഭിക്കുന്ന ആഭരണങ്ങളുടെ കൃത്യമായ പട്ടിക ട്രസ്റ്റ് പിന്നീട് മാത്രമാണ് തയ്യാറാക്കിയിരുന്നത്. ഈ കാലതാമസം പ്രതികൾക്ക് ആഭരണങ്ങൾ ചോർത്താൻ വലിയ സഹായമായതായി അന്വേഷണസംഘം കണ്ടെത്തി. ഈ സാഹചര്യത്തിൽ ബാങ്ക് ജീവനക്കാരെ അടക്കം കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

ഓഡിറ്റ് റിപ്പോർട്ടുകളിലും വ്യാപക ക്രമക്കേട്

ഈ വർഷം ഏപ്രിൽ 25 മുതൽ ജൂൺ 5 വരെയുള്ള 39 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് 70 തവണ നടന്ന ഈ വൻ കൊള്ളയുടെ ചുരുളഴിഞ്ഞത്. ഇതിന് പുറമെ 2022 മുതൽ 2025 വരെയുള്ള രാമക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ടുകളും എസ്‌.ഐ.ടി സംഘം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഓഡിറ്റുകളിലും വലിയ തുകയുടെ വ്യത്യാസം കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.നിലവിൽ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്ന എട്ട് പ്രതികളെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ എസ്‌.ഐ.ടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനിടെ, കോടികളുടെ ഈ ക്ഷേത്ര കൊള്ളയുടെ പശ്ചാത്തലത്തിൽ രാമക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ അടിയന്തരമായി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി ആവശ്യപ്പെട്ടു.