ഇന്ന് ഗാന്ധി ജയന്തി :രാഷ്ട്ര പിതാവിൻ്റെ സ്‌മരണകളിൽ രാജ്യം
മുംബൈ : ഇന്ന് സ്വജീവിതം രാജ്യത്തിനു സമർപ്പിച്ച അഹിംസ ജീവിത വൃതമാക്കിയ നമ്മുടെ രാഷ്‌ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം.അഹിംസയിലൂടെ സമരവഴികൾ തെളിച്ച് , അതുവഴി ജന്മനാടിനും സഹോദരങ്ങൾക്കും സ്വാതന്ത്ര്യം നൽകുക എന്ന ആശയത്തിലൂടെ പോരാട്ടം നടത്തിയ മഹാത്‌മാവ് ,തലമുറകൾക്കും വരും തലമുറകൾക്കും എന്നെന്നും ഒരു മാതൃകയാണ്.
ഉപ്പു കുറുക്കിയും ചർക്കയിൽ നൂലു കോർത്തും ഗാന്ധിജി തൻ്റെ ജിവിതം സമര സജ്ജമാക്കിയപ്പോൾ തങ്ങളുടെ സ്വപ്‌നങ്ങൾ കുറുക്കിയും ജീവിതം ചർക്കയിൽ കോർത്തും ഒരു ജനത മുഴുവനും ആ പോരാട്ടത്തിൽ ഗാന്ധിജിയ്ക്കൊപ്പം അണിനിരന്നു. 1917ലെ ചമ്പാരൻ സത്യഗ്രഹം മുതൽ 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് വരെ നേതൃത്വം നൽകിക്കൊണ്ട് സമൂഹത്തിന്‍റെ നാനാ ദിക്കുകളിൽ ഉള്ള ജനങ്ങളെ ഒരുമിച്ചു നിർത്തിയ സമാധാന സമര ശൈലികൾ !
ഗുജറാത്തിലെ പോർബന്ദറിൽ കരംചന്ദ് ഗാന്ധി, പുത്‌ലി ബായി ദമ്പതികളുടെ ഇളയ മകനായി 1869 ഒക്‌ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. രാജ്കോട്ടിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്. മെട്രിക്കുലേഷൻ പൂർത്തിയാക്കിയതിനെ തുടർന്ന് ഇംഗ്ലണ്ടിലേയ്ക്ക് ഉപരിപഠനത്തിനായി നീങ്ങി. ഇംഗ്ലണ്ടിൽ നിന്നും തിരികെ എത്തിയതിന് ശേഷം മുംബൈയിലെ രാജ്‌കോട്ട് കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു.
തുടർന്ന് 1893-ൽ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ എത്തി. ദക്ഷിണാഫ്രിക്കയിൽ നേരിട്ട വർണവിവേചനമാണ് ഗാന്ധിജിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. വെള്ളക്കാർ മറ്റെല്ലാവരെയും അധമന്മാരായാണ് വിലയിരുത്തുന്നതെന്ന് ഗാന്ധിജി മനസിലാക്കി. സമ്പന്നരുടെയും വംശീയവാദികളുടെയും എ ക്ലാസ് കൂപ്പയിൽ നിന്ന് ഗാന്ധിജിയെ ഇറക്കി വിട്ടതോടെ അധികാരത്തിൻ്റെ ഗർവിനോട് പൊരുതാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തോട് അദ്ദേഹം പടയൊരുക്കം ആരംഭിച്ചു.കർഷകത്തൊഴിലാളികളെ പിന്തുണയ്‌ക്കുന്നതിനും ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്ന ഉയർന്ന നികുതിക്കെതിരെയും ഖേഡ സത്യാഗ്രഹം നടത്തി. തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്‍റെ നീക്കത്തിന് എതിരെ നടത്തിയ ഖിലാഫത്ത് പ്രസ്ഥാനം, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പിന്തുണയോടെ നടന്ന നിസഹകരണ പ്രസ്ഥാനം, ബ്രിട്ടീഷ് സർക്കാർ ഉപ്പിന്‍റെ വിൽപനയിൽ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ച ദണ്ഡി യാത്ര എന്നിവ ഗാന്ധിജിയുടെ യശസ് വാനോളം ഉയർത്തി.
ഒടുവിൽ ഗാന്ധിജിയുടെയും ലക്ഷം ജനങ്ങളുടെയും സമരമുറയ്ക്ക് മുന്നിൽ ബിലാത്തി പ്രഭുകൾക്ക് അടിയറവ് പറയേണ്ടിവന്നു. സ്വാതന്ത്ര ലബ്‌ധിയ്ക്ക് ശേഷം ഹിന്ദുമഹാസഭ-രാഷ്‌ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്‌എസ്) എന്നിവയിലെ അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്സെ ഇന്ത്യയുടെ രാഷ്‌ട്രപിതാവിൻ്റെ ജീവനെടുത്തു."സമാധാനത്തിലേക്ക് ഒരു പാതയില്ല, സമാധാനമാണ് പാത" എന്നാണ് ഗാന്ധിജി തലമുറകൾക്ക് കൈമാറുന്ന സന്ദേശം. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന വിശാല വീക്ഷണത്തെയാണ് അഹിംസ എന്ന ആശയം പ്രദർശിപ്പിക്കുന്നത്. അഹിംസ എന്ന വീക്ഷണത്തിൻ്റെ ഉപജ്ഞാതാവ് ഗാന്ധിജി അല്ലെങ്കിലും ആശയത്തെ ജനങ്ങളിലേയ്ക്ക് എത്തിച്ചത് ഗാന്ധിജിയാണ്.
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന അദ്ദേഹത്തിൻ്റെ സന്ദേശം യുവതലമുറക്ക് പുതിയ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഊർജം നൽകുന്നു. 'അർധ നഗ്നനായ ഫക്കീറി'ൻ്റെ പോരാട്ട വീര്യവും ജനങ്ങളെ നയിക്കാനുള്ള ധീരതയും കാലാതീതമായി തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു