എല്ലാവർക്കും അന്ത്യ ശുഭരാത്രി നേർന്ന് ദമ്പതികൾ തൂങ്ങിമരിച്ചു: മരണകാരണം അജ്ഞാതം

ഹരിയാന: റെവാരി ജില്ലയിൽ ഒരു യുവദമ്പതികളെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. മധ്യപ്രദേശിൽ നിന്നുള്ള രാജ്കുമാർ (26), ഭാര്യ ഹാലി (23) എന്നിവരെയാണ് ധരുഹേരയിലെ സന്തോഷ് കോളനിയിലെ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ഇവരുടെ ഈ മരണം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. മരണത്തിന് തൊട്ടുമുമ്പ് ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സന്ദേശവും, പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.റെവാരിയിലെ ധരുഹേരയിൽ ഏകദേശം അഞ്ച് വർഷമായി താമസിക്കുകയും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയും ചെയ്യുന്നവരാണ് മരിച്ച രാജ്കുമാറും ഹാലിയും. രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാജ്കുമാറിന്റെ സഹോദരൻ മഹേന്ദ്രയുടെ മൊഴി പ്രകാരം, മരിക്കുന്നതിന് ഒരു ദിവസം മുന്നേ രാത്രി ഇരുവരും ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ 8 മണിയോടെ രാജ്കുമാർ സഹോദരനൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് മടങ്ങി. ഏകദേശം രണ്ട് മണിക്കൂറിനുശേഷം, മുറിയിൽ ആവർത്തിച്ച് മുട്ടിയിട്ടും പ്രതികരണം ലഭിക്കാതായതോടെ വീട്ടുകാർക്ക് സംശയം തോന്നി. ജനലിലൂടെ നോക്കിയപ്പോൾ, ദമ്പതികൾ ഒരു കുരുക്കിൽ തൂങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ലാത്ത സാഹചര്യത്തിൽ, പോലീസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവർ അവശേഷിപ്പിച്ച വിവരങ്ങളിലാണ്.മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാജ്കുമാറും ഹാലിയും ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു, “എല്ലാവർക്കും അന്ത്യ ശുഭരാത്രി”. ഈ പോസ്റ്റ് നിലവിൽ പോലീസിന്റെ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദുവാണ്.
സംഭവസ്ഥലത്ത് നിന്ന് പോലീസ് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തങ്ങളുടെ മൃതദേഹങ്ങൾ മാതാപിതാക്കൾ എത്തിയാൽ അവർക്ക് കൈമാറണമെന്നും, എത്താൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോയി അന്ത്യകർമങ്ങൾ നടത്തണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ വസ്തുവകകൾ രാജ്കുമാറിന്റെ സഹോദരന് നൽകണമെന്നും അവർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.