"ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിമപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല ":

"ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിമപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല ":

എറണാകുളം: ശിക്ഷ വിധിക്കുമ്പോൾ, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ടെന്ന് നടിയെ ബലാത്സംഗം ചെയ്ത കേസിലെ ശിക്ഷ വിധിക്കവെ കോടതി വ്യക്തമാക്കി. ശിക്ഷ വിധിക്കുന്നതിൽ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായ കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിൻ്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിമപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ലെന്നും എറണാകുളം സെഷന്‍സ് കോടതി ജഡ്‌ജ് ഹണി എം. വര്‍ഗീസ് വിധി പ്രഖ്യാപനസമയത്ത് വ്യക്തമാക്കി.അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും, അവരിൽ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികമായ ആഘാതവും നൽകി. സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടത് എന്നതും, മുൻകൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.

എങ്കിലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസ്സിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിർഭയ കേസിൽ (മുകേഷ് v. സ്റ്റേറ്റ് ഓഫ് ഡൽഹി) സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിൻ്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിൻ്റെ ആവശ്യകതയും വിധിയിൽ പരാമർശിക്കുന്നുണ്ട്.

മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു. അതിനാൽ പ്രതികൾക്ക് താഴെ പറയുന്ന ശിക്ഷ വിധിക്കുന്നു

ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആൻ്റണി, ബി മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർക്കാണ് ജയിൽ ശിക്ഷ ലഭിച്ചത്. 20 വർഷം തടവിന് പുറമേ 50,000 രൂപ വീതം പിഴയും പ്രതികൾ ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. ഐടി വകുപ്പ് പ്രകാരം പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് അഞ്ച് വർഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

ശിക്ഷാ വിവരങ്ങൾ :പ്രതികൾ A1 മുതൽ A6 വരെ:

  • ഐ.പി.സി സെക്ഷൻ 376(D) (കൂട്ടബലാത്സംഗം) പ്രകാരം: 20 വർഷം കഠിനതടവും, ഓരോരുത്തരും 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
  • ഐ.പി.സി സെക്ഷൻ 342 (അന്യായമായി തടങ്കലിൽ വെക്കൽ) പ്രകാരം: 1 വർഷം വെറും തടവ് (Simple Imprisonment).
  • ഐ.പി.സി സെക്ഷൻ 366, 354(B) തുടങ്ങിയ വകുപ്പുകൾക്ക് പ്രത്യേക ശിക്ഷ വിധിക്കുന്നില്ല.
  • ഐ.പി.സി സെക്ഷൻ 357 പ്രകാരം: 1 വർഷം തടവ്.
  • ഐ.പി.സി സെക്ഷൻ 366 പ്രകാരം: 10 വർഷം കഠിനതടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്.

പ്രത്യേക ശിക്ഷകൾ

ഒന്നാം പ്രതി (പൾസർ സുനി): ഐ.ടി ആക്ട് സെക്ഷൻ 66E പ്രകാരം: 3 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കിൽ 6 മാസം തടവ്).ഐ.ടി ആക്ട് സെക്ഷൻ 67A പ്രകാരം: 5 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കിൽ 6 മാസം തടവ്).

രണ്ടാം പ്രതി (മാർട്ടിൻ):ഐ.പി.സി സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം: 3 വർഷം കഠിനതടവും 25,000 രൂപ പിഴയും (അടച്ചില്ലെങ്കിൽ 6 മാസം തടവ്).

മറ്റ് ഉത്തരവുകൾ

  • വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷകൾ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതി (Sentences shall run concurrently).
  • വിചാരണ കാലയളവിൽ ജയിലിൽ കിടന്ന സമയം ശിക്ഷാ കാലാവധിയിൽ വകവെച്ചു നൽകുന്നതാണ് (Set off allowed).
  • ഈടാക്കുന്ന പിഴത്തുക ഇരയായ സ്ത്രീക്ക് (PW1) നൽകണം.
  • തൊണ്ടിമുതലായ മൊബൈൽ ഫോണും പെൻഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥൻ്റെ കസ്റ്റഡിയിൽ സൂക്ഷിക്കണം. അപ്പീൽ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാൻ പാടുള്ളൂ.