അതിജീവിതയെ അപമാനിച്ച രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: ബലാത്സംഗ കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്‌തത്.രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. അതിജീവിത നല്‍കിയ സൈബര്‍ കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍. അതേസമയം കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും.എന്നാല്‍ ജഡ്‌ജി ഇന്ന് അവധിയായതിനാല്‍ മറ്റൊരു കോടതിയിലാവും ഹര്‍ജി വരുന്നത്. അതേസമയം കേസ് പരിഗണിച്ചതിന് ശേഷം മാറ്റിവയ്‌ക്കാനാണ് സാധ്യത.അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിൻ്റെ വാദം. എന്നാല്‍ സൈബര്‍ കേസില്‍ പരമാര്‍ശിച്ചിരിക്കുന്നത് പോലെ പരാതിക്കാരിയുടെ പേരോ വിവരങ്ങളോ താന്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു. ജയിലില്‍ എത്തിച്ചത് മുതല്‍ നിരാഹാര സമരത്തിലാണ് രാഹുല്‍ ഈശ്വര്‍. താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും നോട്ടിസ് ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്‌തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ഇയാള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്‌തു. എന്നാല്‍ ഡോക്‌ടറുടെ പരിശോധനയില്‍ ക്ഷീണിതനാണെന്ന് കണ്ടെത്തിയതോടെ രാഹുല്‍ ഈശ്വറിനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്‌ടറുടെ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡ്രിപ്പ് നൽകിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ പുരുഷ കമ്മിഷന്‍ വരണമെന്ന് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.അതിജീവിത നല്‍കിയ സൈബര്‍ പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌ത് പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിൻ്റെ മുന്‍കര്‍ ജാമ്യപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.ഇതോടെ ഒളിവില്‍ കഴിയുന്ന രാഹുലിന് പൊലീസിന് പിടി കൊടുക്കുകയോ കോടതിയില്‍ കീഴടങ്ങുകയോ ചെയ്യേണ്ടി വരും. അതേസമയം അറസ്റ്റ് തടയണമെന്ന രാഹുലിൻ്റെ ഹര്‍ജിയും കോടതി തള്ളി. ഒന്നിലധികം പീഡനപരാതികള്‍ രാഹുലിനെതിരെയുണ്ടെന്നും പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. വിധിക്ക് പിന്നാലെ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി.