രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷയില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് രാഹുല്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും.

അതേസമയം രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്‍റെ തീരുമാനം. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എംഎല്‍എക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. കേസില്‍ നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലും മുദ്ര വച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ബലാത്സംഗം സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയി. കഴിഞ്ഞ 7 ദിവസമായി രാഹുല്‍ ഒളിവില്‍ കഴിയുകയാണ്. ഇതിനിടെ മറ്റൊരു യുവതി കൂടി എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി കെപിസിസിയെ സമീപിച്ചു. ഇത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായി. എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആലോചനയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

യുവതിയില്‍ നിന്നും കെപിസിസിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയോട് നേരിട്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷമാകും കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം.

പാലക്കാട് നിന്നും ഒളിവില്‍ പോയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി കര്‍ണാടകയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ബെംഗളൂരൂവില്‍ രാത്രിയിലും തെരച്ചില്‍ ശക്തമാക്കി പൊലീസ്. നേരത്തെ രാഹുല്‍ പാലക്കാട് തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതിന് മുമ്പ് തമിഴ്‌നാട്ടിലേക്ക് കടന്നെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷയും പരിഗണിക്കും: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ സെന്‍ട്രല്‍ ജയിലിലാണ് രാഹുല്‍ ഈശ്വറുള്ളത്. താന്‍ നിരാഹാര സമരത്തിലാണെന്ന് രാഹുല്‍ സൂപ്രണ്ടിന് എഴുതിയ കത്തില്‍ പറയുന്നു. ഇതോടെയാണ് പൂജപ്പുര ജില്ലാ ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. നിരാഹാരത്തിലായ രാഹുല്‍ ഈശ്വറിനെ കൂടുതല്‍ നിരീക്ഷിക്കുന്നതിനായാണ് ജയില്‍ മാറ്റിയത്.