CPI സംസ്ഥാന കൗൺസിൽ മുൻ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം: സിപിഐയിൽ സംസ്ഥാന കൗൺസിൽ മുൻ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിൽ ചേർന്നു. ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് സണ്ണി ജോസഫ് കുമാറിന് കോൺഗ്രസ് അംഗത്വം നൽകി. ഇതൊരു തുടക്കം മാത്രമാണെന്നും ഇതിൻ്റെ തുടർച്ചയായി ജനകീയ ബന്ധമുള്ള നിരവധി സിപിഐ നേതാക്കളും പ്രവർത്തകരും വരും നാളുകളിൽ കോൺഗ്രസിലെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.'വല്യേട്ടൻ' പാർട്ടിയു ടെ പെടാപാടിൽപ്പെട്ട് രാഷ്ട്രീയ നിലപാടുകൾ വിഴുങ്ങേണ്ട സാഹചര്യത്തിലാണ് ഇന്ന് സിപിഐ. ഇതിൽ മനം നൊന്ത നിരവധി പ്രവർത്തകർ സംസ്ഥാനത്തുടനീളമുണ്ട്. അവർ താമസിയാതെ കോൺഗ്രസിലെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ജനകീയ പൊതു പ്രവർത്തകനായ മീനാങ്കൽ കുമാറിൻ്റെയും സഹപ്രവർത്തകരുടെയും പ്രവേശനം ജില്ലയിൽ കോൺഗ്രസിന് കരുത്തു പകരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.സിപിഐ ഇടതു മുന്നണി വിട്ട് യുഡിഎഫിലേക്കു വരണമെന്ന് പലവട്ടമായി പറയുന്ന കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. സിപിഎമ്മിൻ്റെ ചവിട്ടും തൊഴിയുമേറ്റ് എൽഡിഎഫിൽ തുടരുന്നതിനേക്കാൾ യുഡിഎഫിൽ വരുന്നതാണ് സിപിഐക്കു നല്ലതെന്ന് അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും കെഎസ് ശബരീനാഥനും മുൻകൈയെടുത്താണ് കുമാറിനെ കോൺഗ്രസിലെത്തിച്ചത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി ജില്ലാ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അംഗം, സിപിഐ ജില്ലാ കമ്മിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കുമാറിനു പുറമേ സിപിഐ വട്ടിയൂർക്കാവ് മണ്ഡലം മുൻ അസിസ്റ്റൻ്റ് സെക്രട്ടറി വട്ടിയൂർക്കാവ് ജയകുമാർ, അരുവിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കളത്തറ മധു തുടങ്ങി നിരവധി നേതാക്കൾ കുമാറിനൊപ്പം കോൺഗ്രസിൽ ചേർന്നു. ആലപ്പുഴയിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് മീനാങ്കൽ കുമാറിനെ സംസ്ഥാന കൗൺസിലിൽനിന്ന് പുറത്താക്കിയത്. ഇതിനെതിരെ പരസ്യമായി പ്രതികരിച്ച് സമ്മേളന വേദി വിട്ടിറങ്ങിയ കുമാറിൻ്റെ നടപടി വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.