ബീഹാർ തെരഞ്ഞെടുപ്പ് : ദിഘ മണ്ഡലത്തിൽ സിപിഐ (എംഎൽ)സ്ഥാനാർത്ഥി നടൻ സുശാന്ത് രജപുതിന്‍റെ സഹോദരി

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎൽഎയും എൻഡിഎ സ്ഥാനാർഥിയുമായ സഞ്ജീവ് ചൗരസ്യക്കെതിരെ മത്സരിക്കുന്നത് ആത്മഹത്യ ചെയ്‌ത ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്‍റെ സഹോദരി ദിവ്യ ഗൗതം. മഹാസഖ്യത്തിന്റെ ഭാഗമായ CPI (ML )സ്ഥാനാര്‍ത്ഥിയായാണ് ദിവ്യ ജനവിധി തേടുന്നത്. സഞ്ജീവ് തുടര്‍ച്ചയായി രണ്ട് തവണയായി ഇവിടെ ജനപ്രതിനിധിയാണ്. മത്സരിക്കുന്നത് കേവലം വിജയമെന്ന ലക്ഷ്യവുമായല്ല, മറിച്ച് വിദ്യാഭ്യാസം, തൊഴില്‍, വികസനം, അടിസ്ഥാന പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണെന്ന് ദിവ്യ പറയുന്നു.
"ബിരുദങ്ങള്‍ നല്‍കുന്ന ധാരാളം കോളജുകള്‍ ബിഹാറിലുണ്ട്. എന്നാല്‍ കുടിയേറ്റം വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇതിനൊരു ഉത്തരം വേണം. പത്ത് വര്‍ഷമായി ഇവിടുത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇക്കുറി ഒരുപുതു സ്ഥാനാര്‍ത്ഥി എത്തി തങ്ങളെ കരകയറ്റുമെന്ന പ്രതീക്ഷയിലാണ് അവര്‍. തെരഞ്ഞെടുപ്പ് എന്നാല്‍ ധനികരുടെ കാര്യമാണെന്ന് അവര്‍ ചിന്തിക്കുന്നു. താനും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. താന്‍ ഒരിടത്തരം കുടുംബത്തില്‍ നിന്നുള്ള ആളാണ്. അധ്യാപികയായി ജോലി ചെയ്യുന്നു. അത് കൊണ്ട് തന്നെ തനിക്ക് ഇതൊന്നും സാധ്യമല്ലെന്നാണ് കരുതിയിരുന്നത്. ഇത്തരം പ്രശ്‌നങ്ങളൊന്നും തന്‍റെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല " പറയുന്നു.ദിഘയുടെ തെരുവില്‍ കളിച്ച് വളര്‍ന്നവളാണ് താന്‍. ഈ തെരുവുകളിലൂടെയാണ് താന്‍ സൈക്കിള്‍ ഉരുട്ടി നടന്നത്. ഇവിടെ പല പ്രശ്‌നങ്ങളുമുണ്ട്. താന്‍ പല തവണ അപമാനിക്കപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് തനിക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും താന്‍ പിന്നാക്കം പോയില്ല. താന്‍ പിന്നാക്കം പോയിരുന്നെങ്കില്‍ സാധാരണ സ്‌ത്രീകളെ പോലെ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോകുമായിരുന്നു. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്‌ത്രീകളും പെണ്‍കുട്ടികളും രാഷ്‌ട്രീയത്തിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു