"പൊതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻപോകുന്നു" : സംസ്ഥാന ബജറ്റിനെതിരെ സി.പി.ഐ.എം
തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബജറ്റ് പൊതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നതാണെന്നും കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി വികസനത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്കും സ്വകാര്യ വ്യക്തികൾക്കും സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളും പൊതുസ്ഥാപനങ്ങളും തുറന്നുകൊടുക്കുന്ന നവലിബറൽ നയങ്ങളുടെ തിരിച്ചുവരവാണ് ഈ ബജറ്റെന്നും പാർട്ടി ആരോപിച്ചു.ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ എന്ന പദ്ധതി ഫലത്തിൽ സ്വകാര്യ മേഖലയ്ക്ക് തുറമുഖങ്ങൾ കൈമാറാനുള്ള നീക്കമാണ്. മുൻപ് വിഴിഞ്ഞം പദ്ധതിക്കെതിരെ കലാപമൊരുക്കിയവർ ഇപ്പോൾ തുറമുഖ വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് വെറും വാചകക്കസർത്താണ്. ‘സതേൺ കേരള ഇക്കണോമിക് ആൻഡ് റെയർ എർത്ത് കോറിഡോർ’ എന്ന പദ്ധതിയിലൂടെ എൽ.ഡി.എഫ് ഗവൺമെന്റ് കഴിഞ്ഞ 10 വർഷം സ്വകാര്യ മേഖലയെ അകറ്റിനിർത്തിയ അമൂല്യമായ കരിമണൽ ഖനനം വീണ്ടും സ്വകാര്യ മുതലാളിമാർക്ക് കൈമാറാൻ തുടക്കമിടുകയാണ്. ജനകീയ പങ്കാളിത്തത്തോടെ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് കൂടി അദാനിക്ക് തീറെഴുതാനാണ് പുതിയ വ്യോമയാന നയത്തിലൂടെ ശ്രമിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ് നിർമ്മാണ വിക്ഷേപണത്തിലും സ്വകാര്യ പങ്കാളിത്തത്തിനാണ് ബജറ്റ് ശുപാർശ ചെയ്യുന്നത്.
കേരള ഗവൺമെന്റ് മുൻപ് ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ഒട്ടേറെ പദ്ധതികൾ പേര് മാറ്റി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ‘നോളഡ്ജ് വാലി’ ഇതിനൊരു ഉദാഹരണമാണ്. വിദേശ സർവ്വകലാശാലകൾക്ക് വാതിൽ തുറന്നുകൊടുക്കുന്നതിലൂടെ സാധാരണക്കാർക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്ന കേരളത്തിലെ സർവ്വകലാശാലകളെ തകർക്കാനാണ് വലതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. ഭൂപരിഷ്കരണ നടപടികളെ എക്കാലവും അട്ടിമറിച്ച പാരമ്പര്യമുള്ള കോൺഗ്രസ് രണ്ടാം ഭൂപരിഷ്കരണം നടത്തുമെന്ന് പറയുന്നത് വിശ്വസനീയമല്ല. ഇന്ദിരാ ഗ്യാരണ്ടിയിൽ പെടുത്തി ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുമെന്ന് പ്രഖ്യാപിച്ചവർ ഇതിനായി ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. പ്രവാസി ക്ഷേമത്തിനായി നാമമാത്രമായ തുക പോലും മാറ്റിവെച്ചിട്ടില്ല.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 5 ലക്ഷത്തിലേറെ വീടുകൾ നിർമ്മിച്ച് നൽകിയ ലൈഫ് പദ്ധതി, സ്ത്രീ സുരക്ഷാ പദ്ധതി, വിദ്യാർത്ഥികൾക്കായുള്ള കണക്ട് ടു വർക്ക് പദ്ധതി എന്നിവയെല്ലാം ഈ ബജറ്റിലൂടെ തകർത്തു. ഒരു ലക്ഷത്തോളം കോടി രൂപയുടെ വികസനം നട്ടെല്ലായ കിഫ്ബിക്കെതിരെ യു.ഡി.എഫ് നടത്തുന്ന പ്രചരണങ്ങൾ ഇതിന് അടിവരയിടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് യുവാക്കളെ കയ്യിലെടുക്കാൻ പ്രഖ്യാപിച്ച മോട്ടോർ വാഹന രൂപമാറ്റ അനുമതിയെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം മിണ്ടുന്നില്ല. മുൻ ഗവൺമെന്റുകൾ ശബരിമലയ്ക്കായി ആയിരക്കണക്കിന് കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ ബജറ്റിൽ വെറും 5 കോടി രൂപ മാത്രമാണ് നൽകിയത്. ജീവനക്കാരുടെ ശമ്പള പരിഷ്കരണം അട്ടിമറിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകർക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഫെഡറൽ വിരുദ്ധ സമീപനങ്ങൾക്കെതിരെയോ, ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവർണറുടെ സമാന്തര ഭരണത്തിനെതിരെയോ ബജറ്റിൽ യാതൊരു പരാമർശവുമില്ല. രാഷ്ട്രീയ വിരോധം മൂലം ജനക്ഷേമ പദ്ധതികളെ നിഷ്കരുണം തകർക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാനത്ത് ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നുവരുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.