കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിനെതിരെ പ്രതിപക്ഷ  പ്രതിഷേധം

ന്യുഡൽഹി /തിരുവനന്തപുരം:കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു. ഹൈസ്പീഡ് റെയിൽവേ, എയിംസ് തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ തള്ളിക്കളഞ്ഞതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കൾ കേന്ദ്രത്തിനെതിരെ രംഗത്തെത്തി. സാമ്പത്തിക ഉപരോധത്തിന് തുല്യമായ നടപടിയാണ് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സംസ്ഥാന ധനമന്ത്രിയും എംപിമാരും കുറ്റപ്പെടുത്തി.

നിരാശാജനകം; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമില്ല

കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഒരു നടപടിയും ഇതിലില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷെയർ മാർക്കറ്റിലുണ്ടായ ഇടിവ് ഇതിൻ്റെ സൂചനയാണ്. സാമ്പത്തിക രംഗത്തെ തകർച്ചയെ നേരിടാൻ പ്രവാസി നിക്ഷേപം പോലുള്ള പൊടിക്കൈകളല്ലാതെ അടിസ്ഥാനപരമായ നീക്കങ്ങളൊന്നും ബജറ്റിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി നിരക്കുകളിൽ വരുത്തിയ മാറ്റം വരുമാനത്തിൽ വലിയ കുറവുണ്ടാക്കിയതായും മന്ത്രി പറഞ്ഞു. രണ്ട് ലക്ഷത്തി ഇരുപതിനായിരം കോടിയിൽ നിന്ന് വരുമാനം ഒരു ലക്ഷത്തി എഴുപതിനായിരം കോടിയിലേക്ക് ഇടിഞ്ഞു. ഇത് സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു നിർദേശവും ബജറ്റിലില്ലെന്നും ഇത് രാജ്യത്തിൻ്റെ സാമ്പത്തിക ഭാവിയെ മോശമായി ബാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

വിവിധ മേഖലകളിലെ സബ്സിഡികൾ കുത്തനെ കുറച്ചത് ജനങ്ങളെ ബാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 1,86,000 കോടിയായിരുന്ന വളം സബ്സിഡി അടുത്ത വർഷത്തേക്ക് 1,80,000 കോടിയായി കുറച്ചു. ഭക്ഷ്യ സബ്സിഡി 2,08,000 കോടിയിൽ നിന്ന് 2,07,000 കോടിയായും കുറഞ്ഞു. കാർഷിക മേഖലയെ സഹായിച്ചിരുന്ന പെട്രോളിയം സബ്സിഡി 15,000 കോടിയിൽ നിന്ന് 12,000 കോടിയായി കുറച്ചു. ആരോഗ്യ മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും അനുവദിച്ച തുകകളിൽ വർധനവില്ലാത്തതും ചെലവഴിക്കുന്നതിലെ കുറവും മന്ത്രി ചൂണ്ടിക്കാട്ടി.ദുരന്ത നിവാരണ മേഖലയിൽ കഴിഞ്ഞ വർഷം 24,257 കോടി ഉണ്ടായിരുന്നത് 22,574 കോടിയായി കുറച്ചു. ദുരന്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് കൂട്ടുകയാണ് വേണ്ടിയിരുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള എസ്എസ്‌കെ ഫണ്ടിലും വർധനവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജലജീവൻ മിഷനിൽ കേന്ദ്രം വലിയ തട്ടിപ്പാണ് നടത്തുന്നതെന്ന് ബാലഗോപാൽ ആരോപിച്ചു. കേന്ദ്രവും സംസ്ഥാനവും പകുതി വീതം ചിലവഴിക്കേണ്ട ഈ പദ്ധതിയിൽ, 67,000 കോടി ബജറ്റിൽ വയ്ക്കുകയും വെറും 17,000 കോടി മാത്രം ചിലവഴിക്കുകയും ചെയ്തു. കേരളത്തിന് ഇതിൻ്റെ ഭാഗമായി വലിയ തുക ലഭിക്കാനുണ്ട്. കരാറുകാർക്ക് പണം നൽകാൻ സംസ്ഥാനം കടമെടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക 88,000 കോടിയിൽ നിന്ന് 30,000 കോടിയായി വെട്ടിക്കുറച്ചത് സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കേരളത്തിന് ആവശ്യമായ പ്രധാന പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൻ്റെ അർഹമായ എയിംസ് ഇത്തവണയും അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് ആവശ്യമായ കാർഗോ കോറിഡോറുകളോ അതിവേഗ റെയിൽ കോറിഡോറുകളോ പ്രഖ്യാപിച്ചിട്ടില്ല. ഡൽഹിയിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും അകന്നു കിടക്കുന്ന കേരളത്തിന് ഇത്തരം സ്പീഡ് കോറിഡോറുകൾ അത്യാവശ്യമാണെങ്കിലും കേന്ദ്രം അത് അവഗണിച്ചു. ആയുർവേദ മേഖലയ്ക്കുള്ള പദ്ധതികളെക്കുറിച്ചും കൃത്യമായ പ്രഖ്യാപനങ്ങളില്ല. ബജറ്റിൽ വലിയ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ പണമില്ലാത്ത അവസ്ഥയാണെന്നും ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ വലിയ തോതിൽ ബാധിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ ഉപസംഹരിച്ചു.

ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം :എംവി ഗോവിന്ദൻ

ബജറ്റിൽ കേരളത്തിന് അവഗണന മാത്രമാണെന്നും കേരളത്തോട് യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരും. കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കും. കേരളം ആവശ്യപ്പെട്ടിട്ടില്ല എന്ന പ്രതിപക്ഷ വാദം പച്ചക്കള്ളമാണ്. എയിംസ് ഉൾപ്പടെ 29 ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഒന്നും പരിഗണിച്ചില്ല. അതിവേഗ റെയിൽ പദ്ധതി ഇല്ലാത്തതിൽ ഇ ശ്രീധരൻ തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇ ശ്രീധരൻ പ്രഖ്യാപിച്ച പദ്ധതിക്ക്‌ കേന്ദ്ര അനുമതി ഇല്ല എന്ന് നേരത്തെ അറിയാമായിരുന്നു.ആർആർടിഎസ് പദ്ധതിയുമായി മുന്നോട്ട് പോകും. അതിനും കേന്ദ്ര സർക്കാർ അനുമതി നൽകാൻ സാധ്യതയില്ല. ഇടതുപക്ഷ ബദലിനെ ഉപരോധം തീർത്ത് തകർക്കാനാണ് മോദി സർക്കാരിൻ്റെ ശ്രമം. നവകേരളമെന്ന ലക്ഷ്യത്തിലേക്ക്‌ സർക്കാർ മുന്നോട്ട് പോകും. ശ്രീധരൻ പ്രഖ്യാപിച്ച റെയിൽ പദ്ധതിക്ക്‌ അനുമതി ഉണ്ടോയെന്ന് സംസ്ഥാനം കേന്ദ്രത്തോട് ചോദിച്ചിരുന്നു. അനുമതി ഇല്ല എന്ന മറുപടി ലഭിച്ചു. അതുകൊണ്ടാണ് ആർആർടിഎസ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന് മറുപടി അർഹിക്കുന്നില്ല. ഗൗരവമുള്ള ഒരു പ്രതികരണമല്ല ബജറ്റിന് ശേഷം അദ്ദേഹം നടത്തിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഇതിനിടെ, ധനരാജ് രക്തസാക്ഷി ഫണ്ട്‌ പൊതുജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കാൻ പാർട്ടി തയാറാണെന്നു എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം ഉണ്ടായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. നയാപൈസ ക്രമക്കേട് നടത്തുന്ന പാർട്ടിയല്ലിത്. വയനാട് ദുരന്തത്തിൻ്റെ പേരിൽ പൈസ കട്ടവരെ കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടുത്ത അവഗണന:പ്രതിപക്ഷം

രാജ്യത്ത് ഏഴ് ഹൈസ്പീഡ് റെയിൽവേ കോറിഡോറുകൾ അടക്കം പ്രഖ്യാപിച്ചപ്പോൾ കേരളത്തെ പൂർണമായും തഴഞ്ഞതിൽ എംപിമാരായ കെസി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ, ഷാഫി പറമ്പിൽ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും സംസ്ഥാനത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാർ രാജിവയ്ക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്നും ഇത് തികച്ചും നിരാശാജനകമാണെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. കാർഷിക മേഖലയെയും തൊഴില്ലായ്മ പരിഹരിക്കാനുള്ള നടപടികളെയും ബജറ്റിൽ തഴഞ്ഞു. എയിംസ് എന്ന നീണ്ട കാത്തിരിപ്പ് ഇത്തവണയും വിഫലമായി. 2013-14 കാലഘട്ടത്തിൽ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് 13 വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായിട്ടില്ല. നിലവിലെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തന്നെ മുൻപ് പാർലമെൻ്റിൽ നൽകിയ ഉറപ്പായിരുന്നു ഇതെന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എയിംസ് അനുവദിച്ചിട്ടും കേരളത്തിന് ഇത്തവണയും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം, ആയുർവേദം, ആരോഗ്യ മേഖലകളിൽ വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. ടൂറിസത്തെക്കുറിച്ച് പൊതുവായ പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നുമില്ല. ആയുർവേദത്തിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചെങ്കിലും അത് കേരളത്തിന് ലഭിച്ചില്ല. കേരളത്തിൻ്റെ പൊട്ടൻഷ്യൽ മേഖലകളെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇ ശ്രീധരൻ മുന്നോട്ടുവച്ച ഹൈസ്പീഡ് കോറിഡോർ പദ്ധതിയെ രാജ്യം ബഹുമാനിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റ് അഞ്ച് കോറിഡോറുകൾക്ക് അനുമതി നൽകിയപ്പോഴും കേരളത്തെ ഒഴിവാക്കി. കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള ശത്രുതാ മനോഭാവത്തിൻ്റെ തെളിവാണിതെന്നും രാഷ്ട്രീയ നേട്ടങ്ങൾ ഇല്ലാത്തതുകൊണ്ടാണ് കേരളത്തെ ഇത്തരത്തിൽ അവഗണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ധാതുമണൽ മേഖലയിൽ കോർപറേറ്റുകളുടെ ഇടപെടൽ സംബന്ധിച്ച ആശങ്കകളും കെസി വേണുഗോപാൽ പങ്കുവച്ചു.

കേരളത്തെ പൂർണമായും ഒഴിവാക്കി:ജോൺ ബ്രിട്ടാസ്

രാജ്യത്ത് ഏഴ് ഹൈസ്പീഡ് റെയിൽവേ കോറിഡോറുകൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും ഒഴിവാക്കിയെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ ഏറെ കാലമായി അർധവേഗ കോറിഡോറിനും ഹൈസ്പീഡ് കോറിഡോറിനുമായി വാദിക്കുന്ന സംസ്ഥാനമാണ് കേരളം. ഹൈസ്പീഡ് റെയിൽവേ പദ്ധതികളുമായി കേരളം മുന്നോട്ട് പോയപ്പോൾ കേന്ദ്ര സർക്കാർ അതിന് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്തത്. ഹൈസ്പീഡ് കോറിഡോറിന് കേന്ദ്രം അനുമതി നൽകിയെന്ന് മെട്രോമാൻ ഇ ശ്രീധരൻ നേരത്തെ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇതുസംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിച്ചതെന്ന് വ്യക്തമായി.

  കേരളമെന്നൊരു സംസ്ഥാനമുണ്ടെന്ന് അംഗീകരിക്കാൻ ബിജെപി സർക്കാരിന് മടി :ഷാഫി പറമ്പിൽ 

ഇന്ത്യയുടെ ഭൂപടത്തിൽ കേരളമെന്നൊരു സംസ്ഥാനമുണ്ടെന്ന് അംഗീകരിക്കാൻ ബിജെപി സർക്കാരിന് മടിയാണെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. കേരളത്തിൻ്റെ വികസനം ആമയുടെ വേഗത്തിൽ മതിയെന്നാണോ കേന്ദ്രം ഭരിക്കുന്ന സർക്കാർ തീരുമാനിക്കുന്നത് എന്ന് ജനങ്ങൾ സംശയിക്കുന്നു. നാടിൻ്റെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് വേണ്ടിയുള്ള യാതൊരു ഇടപെടലും ബജറ്റിൽ ഇല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു 'സീറോ ബജറ്റ്' ആണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും രാജിവച്ച് കടലാമ നിരീക്ഷണത്തിന് പോകണമെന്ന് പി സന്തോഷ് കുമാർ എംപി പരിഹസിച്ചു.

യുവജന വഞ്ചന:എഐവൈഎഫ്

കേന്ദ്ര ബജറ്റ് തീർത്തും യുവജന വിരുദ്ധവും കേരള വിരുദ്ധവുമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി. 'യുവശക്തി ബജറ്റ് 'എന്ന് പ്രഖ്യാപിച്ച് ധനമന്ത്രി സ്വയം അപഹാസ്യയാവുകയാണ്. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന വർത്തമാന സാഹചര്യത്തിൽ കടുത്ത യുവജന വിരുദ്ധത മുഖമുദ്രയാക്കുമ്പോഴും തൊഴിലില്ലായ്മ ഇല്ലാതാക്കിയെന്ന് പ്രഖ്യാപിക്കുന്നത് രാജ്യത്തെ യുവജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ്. കേരളം പ്രതീക്ഷിച്ച 21,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം കേന്ദ്രം തള്ളിക്കളഞ്ഞു. വിഴിഞ്ഞം പാക്കേജും ബജറ്റിൽ പ്രഖ്യാപിക്കാൻ കേന്ദ്രം തയാറായില്ല. തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതികൾ വാരിക്കോരി നൽകിയപ്പോൾ കേരളത്തോട് തികച്ചും പക്ഷപാതിത്വപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.