വയോധികയുടെ മാല പൊട്ടിച്ചോടിയ CPIM കൗൺസിലറെ പാർട്ടിയിൽ നിന്നും പുറത്താക്കി

കണ്ണൂർ: മാല മോഷണക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി യെ സിപിഐഎം പുറത്താക്കി. കൂത്തുപറമ്പ് നഗരസഭയിലെ സിപിഐഎം നാലാം വാർഡ് കൗൺസിലറാണ് പി.പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ സ്വർണമാല പൊട്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവൻ മാല കവർന്നത്. മീൻ മുറിക്കുന്നതിനിടെ സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടിരുന്നു.സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി. നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ പോകുന്ന കറുത്ത ഷർട്ടും പാന്റും ധരിച്ചയാളുടെ ചിത്രമാണ് പൊലീസിന് ലഭിച്ചത്. കൂടുപ്രതി നഗരസഭ കൗൺസിലറാണെന്നു തെളിഞ്ഞതും അറസ്റ്റു ചെയ്തതും.