രക്തസാക്ഷി ഫണ്ട് തട്ടിപ്പ് :MLA ക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് - ബിജെപി പ്രവർത്തകർക്ക് നേരെ പയ്യന്നൂരിൽ സിപിഎം ആക്രമണം

 രക്തസാക്ഷി ഫണ്ട് തട്ടിപ്പ് :MLA ക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് - ബിജെപി പ്രവർത്തകർക്ക് നേരെ പയ്യന്നൂരിൽ സിപിഎം ആക്രമണം

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ്റെ പേരിൽ ഉയർന്ന സാമ്പത്തിക അഴിമതി ആരോപണത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്  കോൺഗ്രസ്സും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേർക്ക് സിപിഎം പ്രവർത്തകരുടെ ആക്രമണം .

പ്രകടനം പയ്യന്നൂർ സെൻട്രൽ ബസാർ ചുറ്റി സഹകരണ ആശുപത്രിക്ക് മുന്നിൽ എത്തിയതോടെ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. പൊലീസ് പ്രകടനത്തിൻ്റെ വഴി തിരിച്ചുവിട്ടെങ്കിലും സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകരായ എ.പി. നാരായണൻ, കെ. ജയരാജ്, എ. രൂപേഷ് തുടങ്ങി അഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നാലെ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകരെയും സിപിഎം പ്രവർത്തകർ അടിച്ചോടിച്ചു. മധുസൂദനൻ്റെ ഗുണ്ടാസംഘങ്ങളാണ് ആക്രമണം നടത്തിയത് എന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രക്തസാക്ഷി ധനരാജിൻ്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരായ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഫണ്ടിലെ വെട്ടിപ്പ് തുറന്നുപറഞ്ഞത് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണനാണ്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത ലക്ഷങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായുള്ള സിപിഎം നേതാവിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ഉത്തരം മുട്ടിയ സിപിഎം നേതൃത്വം പ്രതിഷേധങ്ങളെ അമർച്ച ചെയ്യാൻ ക്രിമിനൽ സംഘങ്ങളെ രംഗത്തിറക്കുകയാണ്. പയ്യന്നൂരിലെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്. ഈ ക്രിമിനലുകൾ നിയമസംവിധാനത്തെത്തന്നെ വെല്ലുവിളിക്കുകയാണ്. പൊലീസ് നോക്കിനിൽക്കുമ്പോഴാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് നേരെ ആക്രമണമുണ്ടായത്.എംഎൽഎക്കെതിരെ ശബ്ദമുയർത്തിയാൽ ഏത് രീതിയിലായിരിക്കും നേരിടുക എന്ന മുന്നറിയിപ്പാണ് സിപിഎം നൽകിയത്. ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച സിപിഎം നേതാവ് കുഞ്ഞികൃഷ്ണനു കൂടിയുള്ള മുന്നറിയിപ്പാണ് ഈ ക്രിമിനൽ സംഘം നൽകിയിരിക്കുന്നത്. പയ്യന്നൂർ എംഎൽഎയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘം എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ആയുധങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അഴിമതി ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം ആരോപണമുന്നയിക്കുന്നവരെ കായികമായി നേരിടാമെന്നാണോ എംഎൽഎയും കൂട്ടരും കരുതുന്നത്?പയ്യന്നൂരിൽ മാരകായുധങ്ങളുമായി കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഗുണ്ടകളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാമെന്ന പയ്യന്നൂർ എംഎൽഎയുടെയും കൂട്ടരുടെയും ചിന്ത മാറ്റിവയ്ക്കുന്നതാണ് നല്ലത്. നാളെ ജനകീയ കോടതിയിൽ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിൽ പരിക്കേറ്റ് പയ്യന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാക്കളായ എ.പി. നാരായണൻ, എ. രൂപേഷ്, കെ.ടി. ഹരീഷ്, പി. രാജൻ എന്നിവരെ മാർട്ടിൻ ജോർജ് സന്ദർശിച്ചു. അതിനിടെ സിപിഎം ഏരിയ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവും പുറത്തുവന്നു.

വി.കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്റർ

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്റർ. 'ഒറ്റുകാരനെ നാട്ടുകാർ തിരിച്ചറിയുമെന്ന് 'എഴുതിയ പോസ്റ്റർ പയ്യന്നൂരിലെ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചിരിക്കയാണ് .

കുഞ്ഞികൃഷ്ണൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നന്നാണ് വാർത്താകുറിപ്പിലൂടെ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.ശത്രുക്കള്‍ക്ക് ആക്രമിക്കാൻ ആയുധം നല്‍കിയ പ്രസ്താവന തള്ളിക്കളയുന്നു എന്നാണ്  ജില്ല സെക്രട്ടറിയുടെപ്രതികരണം .ഇന്നലെ കുഞ്ഞികൃഷ്ണനെതിരെ സിപിഎമ്മിൻ്റെ പ്രതിഷേധ പ്രകടനവും  പയ്യന്നൂരിൽ നടന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞിക്കൃഷ്ണനെ 'വർഗ്ഗവഞ്ചകൻ' എന്നാണ് മുദ്രാവാക്യങ്ങളിൽ പാർട്ടി  വിശേഷിപ്പിച്ചത്.