"കേരളത്തിൽ സിപിഎം ബിജെപി അന്തർധാര": മല്ലികാർജുൻ ഖാർഗെ

കോഴിക്കോട്: കേരളത്തിലെ സിപിഎം ബിജെപി അന്തർധാര എല്ലാവരും തിരിച്ചറിയുന്നുവെന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. യുഡിഎഫ് കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
"ഇപ്പോൾ ഒരു കാര്യം നാട്ടിലെങ്ങും പാട്ടാണ്. കേരളത്തിലെ സിപിഎം ബിജെപി അന്തർധാര എല്ലാവരും തിരിച്ചറിയുന്നു. അതിന് ഒരു പുതിയ പേരും വന്നിട്ടുണ്ട്. അതാണ് കമ്മ്യൂണിസ്റ്റ് ജനത പാർട്ടി അഥവാ സിജെപി. കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബിജെപി ദുർബലരായ സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.സിപിഎം ജയിച്ചാലും കോൺഗ്രസ് തോൽക്കണം എന്നതാണ് അവരുടെ നിലപാട്. കേരളത്തിൻ്റെ അജണ്ടകൾക്ക് ഒപ്പം നിൽക്കാതെ ബിജെപിയുടെ താത്‌പര്യത്തിന് വേണ്ടിയാണ് ഇവിടെ സിപിഎമ്മും പ്രവർത്തിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ തകർക്കുകയായിരുന്നു. ഈ അന്തർധാര മനസിലാക്കി നാട്ടിൽ ഒരു മാറ്റം വരണമെങ്കിൽ യുഡിഎഫിന് വോട്ട് ചെയ്യണം'' എന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. മതേതരത്വത്തിന് പേരുകേട്ട നാടാണ് കേരളം. അത് ഇവരുടെ കൈകളിലേക്ക് ഇനിയും കൊടുത്താൽ കേരളം തകരുമെന്നും അദ്ദേഹം പ്രസംഗിച്ചു. ബിജെപിക്ക് കേരളത്തെ മനസിലായിട്ടില്ല. അവര്‍ കേരളത്തിനുള്ളില്‍ അന്യഗ്രഹ ജീവികളെപ്പോലെയാണ്. മതേതരമെന്ന് പറയുന്ന സിപിഐഎം എങ്ങനെ ബിജെപിയുമായി നീക്ക് പോക്കുണ്ടാക്കുമെന്നും അദ്ദേഹം ചോദിച്ചു. സിപിഐഎം സഞ്ചരിക്കുന്നത് ബിജെപിയുടെ അജണ്ടയ്ക്കൊപ്പമാണ്. ദൈവത്തെ പോലും വെറുതെ വിടാത്ത സര്‍ക്കാരാണിത്. കുറ്റക്കാരെ സംരക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന രാഹുൽ ഗാന്ധി പരിപാടി ഉപേക്ഷിച്ചെങ്കിലും ഓൺലൈനിൽ വന്നത് ജനങ്ങൾക്ക് ആവേശം പകർന്നു. പ്രധാനമായും നേരത്തെ പ്രഖ്യാപിച്ച അഞ്ച് ഇന്ദിര ഗ്യാരണ്ടികൾ രാഹുൽഗാന്ധി ആവർത്തിച്ചു. കേരളത്തിലെ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാർ ഇന്ന് തൊഴിലില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്.
ഈ ഗവൺമെൻ്റിൻ്റെ കീഴിലാകെ നടക്കുന്ന നിയമനങ്ങൾ അത് പിൻവാതിൽ നിയമനങ്ങൾ മാത്രമാണ്. നിങ്ങൾ മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ സിപിഎമ്മിൻ്റെ പാർട്ടി നേതാക്കന്മാരുമായി ബന്ധമുള്ളവർ ആണെങ്കിൽ നിങ്ങളുടെ മുൻപിൽ ഒരു ചുവപ്പ് പരവതാനി വിരിച്ചിട്ടുണ്ടാകും.പിഎസ്‌സിയുടെ പരീക്ഷയെഴുതി ഉന്നതമായ റാങ്ക് വാങ്ങിയാൽ പോലും നിങ്ങൾക്കൊരു തൊഴിൽ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. നിങ്ങളുടെ തൊഴിലുകൾ പാർട്ടി ബന്ധുക്കൾ കവരുന്നത് കേരളത്തിലെ ചെറുപ്പക്കാർ കണ്ടുനിൽക്കേണ്ടി വരുന്നെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നെഞ്ചുവേദന കാരണം സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് മഹാറാലിയിൽ മല്ലികാർജുൻ ഖാർഗെ എത്തിയത്.