"ജനങ്ങളെ ഭിന്നിപ്പിച്ച് ജയിക്കാനുള്ള സിപിഎം - ബിജെപി നീക്കം അപകടകരം" : കെ സി വേണുഗോപാൽ

"ജനങ്ങളെ ഭിന്നിപ്പിച്ച് ജയിക്കാനുള്ള സിപിഎം - ബിജെപി നീക്കം അപകടകരം" : കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള സിപിഎം - ബിജെപി നീക്കം അപകടകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവർ തമ്മിലുള്ള ഏത് അവിശുദ്ധ ഡീലും ജനങ്ങൾ തിരിച്ചറിയും.

കൂടിക്കാഴ്ച്ചകൾക്ക് രഹസ്യ സ്വഭാവം 

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച്ചകളിൽ ചിലതിന് രഹസ്യ സ്വഭാവമുണ്ട്. ഉദ്യോഗസ്ഥരെ കൂടെ കൂട്ടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീട്ടിലെത്തി കണ്ടത് എന്തിനായിരുന്നുവെന്ന് വിശദീകരിക്കണം. ധനമന്ത്രി നിർമ്മല സീതാരാമനുമായി മുറിയടച്ചിട്ട് ചർച്ച നടത്തി. അതിന് പുറമേ നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച്ച നടന്നു. ഇതെല്ലാം എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

തൃശൂർ പൂരം അട്ടിമറിച്ചത് 

തൃശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തൃശൂർ പൂരം അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് പറഞ്ഞ് എൽഡി എഫ് സ്ഥാനാർഥി സുനിൽ കുമാറാണ്. സി പി എം ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു എന്ന് പറഞ്ഞതും അദ്ദേഹമാണ്. അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി തെരഞ്ഞെടപ്പിന് മുമ്പ് എന്തിനാണ് ആർഎസ് എസ് നേതാക്കളെ കണ്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കേരളത്തിലെ ജനങ്ങൾ ഒരു ഡീലിനെയും അംഗീകരിക്കില്ല.

കർഷകരെ  ആത്മഹത്യയിലേക്ക് തള്ളിവിടുന്നു

നെല്ലു സംഭരണം പോലും കൃത്യമായി നടപ്പാക്കാത്ത സംസ്ഥാനത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. കൃഷിയുമായി മുന്നോട്ട് പോകാൻ സിപിഐ എതിരു നിന്നു എന്ന് പറഞ്ഞാണ് വൈക്കത്ത് ഇന്ന് കർഷകൻ ആത്മഹത്യ ചെയ്തത്. ഇതിന് മുഖ്യമ്രന്തി മറുപടി പറയണം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് കാർഡും അദ്ദേഹം തള്ളിക്കളഞ്ഞു. എൽഡിഎഫ് പത്ത് കൊല്ലം ഭരിച്ചിട്ടാണ് 5 ലക്ഷം വീടുകൾ നിർമ്മിച്ചു കൊടുത്തത്. എന്നാൽ 2011 മുതൽ 2016 വരെയുള്ള സമയത്ത് ഉമ്മൻ ചാണ്ടി 5 വർഷം കൊണ്ട് 4.75 ലക്ഷം വീടുകൾ കൊടുത്തു ക്ഷേമ പെൻഷൻ വർധപ്പിക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. പത്ത് വർഷം ഭരിച്ചവർ ഇക്കഴിഞ്ഞ മാസങ്ങളിലാണ് ക്ഷേമപെൻഷൻ 2000 രൂപയാക്കിയത്. തങ്ങളുടെ കാലാവധിയിൽ ചെയ്ത് തീർക്കാൻ പറ്റാത്ത കാര്യങ്ങൾ ഇനി അഞ്ച് വർഷം തന്നാൽ നടപ്പാക്കാം എന്ന് പറയുന്ന വാഗ്ദാനത്തിലെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് ജനങ്ങൾ വിലയിരുത്തും.

ഊരാളുങ്കലിനെതിരെ അന്വേഷണം

സഹകരണ സ്ഥാപനമായ ഉരാളുങ്കൽ സിപിഎമ്മിന്‍റെ പ്രധാന സാമ്പത്തിക സ്രോതസായി മാറി. ടെണ്ടർ ഇല്ലാതെ പല പദ്ധതികളും സർക്കാർ ഊരാളുങ്കലിന് നൽകി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കലിനെതിരെ അന്വേഷണം നടത്തും. മോദിക്ക് അദാനി എന്ന പോലെയലാണ് പിണറായിക്ക് ഊരാളുങ്കലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വ്യക്തി കേന്ദ്രീകൃത പ്രചാരണമാണ് പിണറായി നടത്തുന്നത്. ഞാനല്ലാതെ കേരളത്തിൽ ഭരണം നടത്താൻ മറ്റാരുണ്ട് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. സിപിഎമ്മിനെ കോർപ്പറേറ്റ് സ്ഥാപനം പോലെ കുറെ നാളുകളായി കൊണ്ട് നടക്കുന്നതിൽ പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും അതൃപ്തിയുണ്ടെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി അത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌സിആർഎ ഭേദഗതിയെ എതിർക്കും

എഫ്‌സിആർഎ ഭേദഗതി കേന്ദ്ര സർക്കാർ പാർലമെന്‍റില്‍ കൊണ്ട് വന്നത് രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുക്കാതെയാണ്. തെരഞ്ഞെടുപ്പിന്‍റെ മൂർധന്യത്തിൽ സഭ പിരിയാനിരിക്കെയാണ് ബിൽ കൊണ്ടുവന്നത് ബില്ലിന് പിന്നിൽ ഗൂഡോദ്ദേശ്യമുള്ളതു കൊണ്ടാണ്. ലൈസൻസ് പുതുക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ പിടിച്ചെടുക്കുമെന്നാണ് ഭേദഗതിയിൽ പറയുന്നത്. അത് പുറത്ത് പറയുമ്പോൾ കേരളത്തിൽ എത്തിയ പ്രധാനമന്ത്രി പറയുന്നത് യുഡിഎഫ് നുണപറയുന്നുവെന്നാണ്. നിലവിൽ ബിൽ എടുക്കാഴെത മാറ്റിവെച്ചിരിക്കുന്നത് കൊണ്ട് അപകടമൊഴിവായി എന്ന് പറയാനാവില്ല. ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും ഇത്തരം തീരുമാനങ്ങളെ എതിർക്കും. ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ നോക്കിയാലും അതിനെ എതിർക്കും.

കൃഷ്ണൻകുട്ടിക്കെതിരായ അരോപണം ഞെട്ടിക്കുന്നത്

മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ മാത്യുകുഴൽനാടൻ കൊണ്ടുവന്ന ആരോപണങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രളയമുണ്ടാ ക്കിയത് കൃത്രിമമായി എന്ന് മന്ത്രിയാണ് പറഞ്ഞിരിക്കുന്നത്. യുഡിഎഫ് അധികാരമേറ്റാൽ മന്ത്രിയുടെ ഓഡിയോയിൽ യുഡിഎഫ് അന്വേഷണം നടത്തും. ആരൊക്കെയാണോ ഇതിന് പിന്നിൽ പ്രവർത്തിച്ചത് അവരെക്കൊണ്ട് സമാധാനം പറയിപ്പിക്കും.

യുഡിഎഫ് ഗ്യാരന്‍റികൾ തയാറാക്കിയത് ഗൃഹപാഠത്തിന്‍റെ അടിസ്ഥാനത്തിൽ

ജനങ്ങളുടെ മുന്നിൽ 5 ഇന്ദിരാ ഗ്യാരന്‍റികളുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ഈ ഗ്യാരന്‍റികൾ നടക്കില്ലെന്നും കേരളം കടക്കെണിയിലാകുമെന്നാണ് സിപിഎം പ്രചാരണം. ഗ്യാരന്‍റികൾ തയാറാക്കിയത് കൃത്യമായ ഗൃഹപാഠത്തിന്‍റെ അടിസ്ഥാനത്തിലാണ്. അധികാരത്തിലെത്തിയാൽ അത് നടപ്പിലാക്കുമെന്നതിൽ ആർക്കും സംശയം വേണ്ട.

വിശ്വാസം ജനങ്ങളുടെ സർവേയിൽ

കേരളത്തിലെ ജനങ്ങൾ ഇത്തവണ രണ്ട് കൈയ്യും നീട്ടി യുഡിഎഫിനെ സ്വീകരിക്കും. ചാനലുകളുടെ സർവ്വേയിലല്ല തനിക്ക് വിശ്വാസം മറിച്ച് ജനങ്ങളുടെ സർവ്വേയിലാണ്. കോൺഗ്രസിനെ നയിക്കാൻ വ്യവസ്ഥാപിത മാർഗത്തിലൂടെയുള്ള നേതാവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.