സിപിഎം ഫണ്ട് തട്ടിപ്പ്: അടിയന്തര പ്രധാന്യമില്ലെന്ന് സ്‌പീക്കര്‍, പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

സിപിഎം ഫണ്ട് തട്ടിപ്പ്: അടിയന്തര പ്രധാന്യമില്ലെന്ന് സ്‌പീക്കര്‍, പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംഭവം നിയമസഭയിൽ ഉയർത്താനുള്ള പ്രതിപക്ഷ നീക്കം സ്പീക്കർ തടഞ്ഞു. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്കരിച്ചു.ഫണ്ട് വെട്ടിപ്പിന് നേതൃത്വം നൽകിയ മുൻ ഏരിയ സെക്രട്ടറിയും പയ്യന്നൂർ എം.എൽ.എയുമായ ടി.ഐ. മധുസൂദനന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ഗുണ്ടകൾ കുറുവടി ഉപയോഗിച്ച് പിന്നിൽനിന്ന് ആക്രമിച്ച സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ എ.എൻ. ഷംസീർ തള്ളി. വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നോട്ടീസ് തള്ളിയത്.

പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയെങ്കിലും സ്പീക്കർ സഭാ നടപടികളുമായി മുന്നോട്ടുപോയി. ചട്ടം 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവകാശത്തെ സ്പീക്കർ നിരാകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പിന്നാലെ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി.ശബരിമല സ്വർണ്ണക്കൊള്ള നടത്തി ജയിലിൽ കഴിയുന്ന സി.പി.എം നേതാക്കളെ സംരക്ഷിക്കുന്നതുപോലെ രക്തസാക്ഷി ഫണ്ട് കൊള്ളയടിച്ചവർക്കെതിരെയും നടപടിയെടുക്കാൻ സി.പി.എം തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.ഭരണത്തിന്‍റെ മറവിൽ പാർട്ടി നടത്തുന്നത് ഗുരുതരമായ അഴിമതിയാണ്. പൊലീസ് ജീപ്പിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവുശിക്ഷയ്ക്ക് കോടതി വിധിച്ചയാളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല. പാർട്ടിയുടെ തെറ്റ് ചൂണ്ടിക്കാട്ടിയ ടി.പി. ചന്ദ്രശേഖരൻ നേരിട്ട അതേ ഭീഷണിയാണ് പയ്യന്നൂർ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന കുഞ്ഞികൃഷ്ണനും നേരിടുന്നത്. പാർട്ടിക്കാരുടെ മുന്നിൽ അദ്ദേഹത്തെ ശത്രുവായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനാണ് പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയാകുമെന്ന് സി.പി.എം പ്രചരിപ്പിക്കുന്നത്. അങ്ങനെ ഒരാലോചനയും യു.ഡി.എഫ് നേതൃത്വത്തിന് മുന്നിലില്ല. സി.പി.എം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.

അദ്ദേഹത്തിന് സംരക്ഷണമൊരുക്കേണ്ടത് കോൺഗ്രസല്ല, പൊലീസാണെന്നും സതീശൻ പറഞ്ഞു. ഇത് വെറുമൊരു പാർട്ടി പ്രശ്നമല്ല, പൊതുപ്രശ്നമാണെന്ന് കെ.കെ. രമ പറഞ്ഞു. പൊതുജനങ്ങളിൽനിന്ന് പിരിച്ചെടുത്ത പണത്തിന്‍റെ കണക്കറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ട്. കുഞ്ഞികൃഷ്ണന് നേരെ 'ഇന്നോവ കാർ' വരാതിരിക്കട്ടെ എന്നും രമ പറഞ്ഞു.