സ്വർണക്കൊള്ളകേസ് :'അന്യേഷണസംഘത്തിൽ സിപിഎം പൊലീസുകാരെ തിരുകിക്കയറ്റി, വാർത്ത ചോർത്താൻ നീക്കം'; വിഡി.സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ ഉൾപ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യത തകർക്കുന്നതാണ് ഈ നീക്കമെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.സിപിഎം ഫ്രാക്ഷനിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയിൽ നിയമിച്ചതെന്ന് വിഡി സതീശൻ വാർത്താക്കുറിപ്പിൽ ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന രണ്ട് പേരുകളാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനുമാണ് ഈ നിയമനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്.
ക്രമസമാധാന ചുമതലയിൽ ഇരുന്ന സമയത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ഈ ഉദ്യോഗസ്ഥൻ. ഇപ്പോൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിന് വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എസ്‌ഐടിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം താൻ ആരോപണം ഉന്നയിച്ചിരുന്നുവെന്ന് സതീശൻ ഓർമിപ്പിച്ചു. എസ്‌ഐടിയെ നിർവീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള നീക്കത്തിന് പിന്നിൽ ഇവരുടെ ഇടപെടലുണ്ട്. എസ്‌ഐടിയുടെ നീക്കങ്ങൾ ചോർത്തി സർക്കാരിലേക്ക് നൽകുക, അന്വേഷണം വഴിതിരിച്ചുവിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുക എന്നിവയാണ് ഈ സംഘത്തിൻ്റെ പ്രധാന ലക്ഷ്യം.
ശബരിമലയിലെ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും നീക്കത്തിന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണ്. ഹൈക്കോടതിയുടെ ഇടപെടൽ പോലും അട്ടിമറിക്കാനാണ് ഇവരുടെ നീക്കം. അതിനാൽ ഇക്കാര്യത്തിൽ ഹൈക്കോടതി അടിയന്തരമായ പരിശോധനയും ഇടപെടലും നടത്തണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ള കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് അന്വേഷണ സംഘത്തിലെ പുതിയ നിയമനങ്ങൾ വിവാദമാകുന്നത്. ശബരിമല സോപാനം സ്വർണം പൊതിയുന്നതിനായി ഉപയോഗിച്ച സ്വർണത്തിൽ വൻ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലാണ് കേസിൻ്റെ ആധാരം. ഭക്തർ സമർപ്പിച്ചതും ദേവസ്വം ബോർഡ് നൽകിയതുമായ കിലോക്കണക്കിന് സ്വർണം നഷ്ടപ്പെട്ടുവെന്നും പകരം ചെമ്പ് തകിടുകൾ ഉപയോഗിച്ചുവെന്നുമാണ് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്. സംഭവത്തിൽ കരാർ കമ്പനിയായ സ്മാർട്ട് ക്രിയേഷൻസ് ഉടമകളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പ്രതിക്കൂട്ടിലാണ്.അന്വേഷണം വ്യാപിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി എസ്‌ഐടി തന്നെയാണ് ഹൈക്കോടതിയിൽ കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടത്. രണ്ട് സിഐമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ഈ ഒഴിവിലേക്ക് രാഷ്ട്രീയ താത്പര്യമുള്ള ഉദ്യോഗസ്ഥരെ തിരുകിക്കയറ്റിയെന്നാണ് പ്രതിപക്ഷത്തിൻ്റെ ആക്ഷേപം. കേസിൽ മുൻ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡൻ്റുമാരും അടക്കമുള്ള സിപിഎം ഉന്നതർ സംശയത്തിൻ്റെ നിഴലിലാണ്. ഇവരിലേക്ക് അന്വേഷണം എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നാണ് വിഡി സതീശൻ്റെ ആരോപണം.ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ പ്രാഥമിക അന്വേഷണങ്ങളിൽ തൃപ്തി പോരാത്തതിനെത്തുടർന്നാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സ്വർണം ഉരുക്കി വിറ്റ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ, ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർ അറസ്റ്റിലായതോടെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിച്ചിരുന്നു.
ഈ ഘട്ടത്തിൽ അന്വേഷണ സംഘത്തിനുള്ളിലെ വിവരങ്ങൾ ചോരുന്നത് കേസിനെ ദോഷകരമായി ബാധിക്കും. രാഷ്ട്രീയ നിക്ഷിപ്ത താത്പര്യങ്ങൾക്കായി ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ഈ വിഷയം നിയമസഭയിലും പുറത്തും വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.