സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കേരളവും. നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം സംസ്ഥാനത്ത് നടന്നേക്കുമെന്ന  സൂചന വന്നിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും .ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെല്ലാം മത്സരിക്കും എന്ന കാര്യത്തിൽ ഏകദേശം ധാരണയാകും എന്നാണ് പ്രതീക്ഷ. കെകെ ശൈലജ, എംഎം മണി, തോമസ് ഐസക് അടക്കമുള്ളവരും മത്സരിക്കുമോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

കഴിഞ്ഞ ദിവസം മൂന്നാം ഭരണം ലഭിച്ചാൽ എൽഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇന്ന് തന്നെ സ്ഥാനാർഥി പട്ടിക അന്തിമമാകും എന്നാണ് വിലയിരുത്തൽ. അതേസമയം പിബി അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ എന്നിവരുടെ പേരുകൾ അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് ഇവരുടെ സ്ഥാനാർഥിത്വ വിഷയത്തില്‍ തീരുമാനമെടുക്കും.

മട്ടന്നൂർ സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് നിലപാടിലാണ് കെകെ ശൈലജ. പിണറായി വിജയനും എംവി ഗോവിന്ദനും ഉൾപ്പെടെ 17 പേരാണ് സിപിഎം സെക്രട്ടേറിയറ്റിലുള്ളത്. ഇതിൽ 13 പേരും മത്സരിക്കാനാണ് സാധ്യത. അതേസമയം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് സിപിഐയും കേരള കോൺഗ്രസ് എമ്മും രംഗത്ത് എത്തിയിട്ടുണ്ട്. സിപിഐയുടെയും കേരള കോൺഗ്രസിന്‍റെയും ആവശ്യങ്ങൾ പരിഗണിച്ച ശേഷമാകും എൽഡിഎഫ് നേതൃത്വം മറ്റ് കക്ഷികളുമായി ചർച്ച നടത്തുക.

കഴിഞ്ഞ തവണ 23 സീറ്റിൽ മത്സരിച്ച സിപിഐ 17 ഇടത്താണ് വിജയിച്ചത്. 7.58 ശതമാനം വോട്ടുകൾ പാർട്ടി നേടി. അഞ്ച് പേർ മാത്രമാണ് പരാജയപ്പെട്ടത്. ഈ വിജയ ശതമാനം ഉയർത്തിക്കാട്ടിയാണ് സിപിഐ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത്. 2016ൽ സിപിഐ സീറ്റായിരുന്ന ഇരിക്കൂർ 2021ൽ കേരള കോൺഗ്രസിന് നൽകിയിരുന്നു. കൂടുതൽ സീറ്റുകൾ നൽകേണ്ടി വന്നാൽ സിപിഎമ്മിന്‍റെ സീറ്റുകളിൽ കുറവുണ്ടാകും. കഴിഞ്ഞ തവണ 77 സീറ്റിലാണ് സിപിഎം മത്സരിച്ചത്.