കണ്ണൂര്‍ പാനൂരില്‍ സിപിഎം അക്രമം: വടിവാളുമായി സിപിഎം പ്രവർത്തകൻ്റെ കൊലവിളി

കണ്ണൂര്‍ പാനൂരില്‍ സിപിഎം അക്രമം: വടിവാളുമായി സിപിഎം പ്രവർത്തകൻ്റെ കൊലവിളി

കണ്ണൂര്‍, മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം. പാനൂര്‍ പാറാട് ടൗണില്‍ വിജയാഹ്ളാദ പ്രകടനത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം അക്രമാസക്തമായി.

വടിവാളുമായി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും സ്‌ഫോടകവസ്തുക്കള്‍ എറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

യുഡിഎഫിന്‍റെ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനായ ശരത്ത് കാറില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.ഇതിനുപിന്നാലെ ആയുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. മുഖം മൂടിക്കെട്ടിയാണ് ചിലര്‍ ആക്രമണം നടത്തിയത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം തടയാന്‍ പൊലീസ് ലാത്തി വീശേണ്ടിവന്നു.

പാറാട്ടെ ആച്ചാന്റവിട അഷ്‌റഫിന്‍റെ വീടിനുനേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറും തകര്‍ക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ളവരെ വടിവാള്‍ അടക്കം ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും സമീപത്തെ വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ചെയ്തു. ലീഗ് ഓഫീസിനുനേരെയും വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.

കല്ലേറില്‍ പൊലീസ് ബസിന്‍റെ ചില്ലും തകര്‍ന്നു. സംഘര്‍ഷത്തില്‍ ആരിഫ്, ഷമീല്‍, ശാമില്‍, മുഹമ്മദ് ഫാന്‍സിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് എല്‍ഡിഎഫ് അക്രമം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് അക്രമികള്‍ പിരിഞ്ഞുപോയത്.