മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ സിപിഎംപ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപണം

 മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ  സിപിഎംപ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപണം

പത്തനംതിട്ട:  തിരുവല്ല,ചുമത്ര കോട്ടാലിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനുപ് ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടെത്തിയ  മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടങ്ങുന്ന സംഘം കൊലവിളി നടത്തിയെന്നാരോപണം.കോട്ടാലി ബ്രാഞ്ച് സെക്രട്ടറി അനൂപിന്റെ നേതൃത്വത്തിലാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയും അസഭ്യവര്‍ഷവും നടന്നത്.ഇന്നുവൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. കോട്ടാലില്‍ ഭാഗത്തെ വീടുകളില്‍ സമ്പര്‍ക്കത്തിനായി എത്തിയ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുജാത, ജനറല്‍ സെക്രട്ടറി പ്രസീത, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാമോള്‍ എന്നിവര്‍ അടങ്ങുന്ന എട്ടംഗ സംഘത്തിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. ഈ ഭാഗത്തെ വീടുകളില്‍ സമ്പര്‍ക്കം നടത്താന്‍ അനുവദിക്കില്ല എന്ന് ആക്രോശിച്ച് അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തകരെ തടയുകയായിരുന്നു.

ഇവരുടെ വെല്ലുവിളി അവഗണിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോളനിയിലെ മുഴുവന്‍ വീടുകളിലും ഗൃഹസമ്പര്‍ക്കം നടത്തി. സംഭവം അറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തിയിരുന്നു. ബിജെപി മണ്ഡലം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി.എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചതായും അതേ സ്ഥാനത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിയുടെ പോസ്റ്ററുകള്‍ പതിച്ചതായും സിപിഎം പ്രാദേശിക നേതാവും വാര്‍ഡ് കൗണ്‍സിലറുമായ ആര്‍. മനു പറഞ്ഞു. സിപിഎമ്മിന് ആഭിമുഖ്യമുള്ള കോട്ടാലി കോളനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം വേണ്ട എന്ന് പ്രദേശവാസികള്‍ പറഞ്ഞത് അനുസരിച്ചാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞത് എന്നും ആര്‍. മനു കൂട്ടിച്ചേര്‍ത്തു