പാലാ നഗരസഭയിൽ വീണ്ടും പ്രതിസന്ധി : ഭരണസമിതിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു

കോട്ടയം: പാലാ നഗരസഭാ യുഡിഎഫിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി .നഗരസഭാ ഭരണസമിതിക്ക് നൽകിപ്പോന്ന ഔദ്യോഗിക പിന്തുണ കോൺഗ്രസ് കൗൺസിലർമാർ പൂർണ്ണമായും പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി ചേർന്ന കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയ്ക്കെതിരെ കടുത്ത പ്രമേയം പാസാക്കി.
ഭരണസമിതിയിലെ നിലവിലെ സ്വതന്ത്ര കൂട്ടായ്മയുമായി യാതൊരു കാരണവശാലും ഇനി മുന്നോട്ട് യോജിച്ചു പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ പരസ്യമായി വ്യക്തമാക്കി. നഗരസഭയിലെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. പാസാക്കിയ രാഷ്ട്രീയ പ്രമേയം അടിയന്തിര നടപടികൾക്കായി ഡിസിസിജില്ലാ നേതൃത്വത്തിന് അയക്കുമെന്നും ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം കോൺഗ്രസ് പാർട്ടി ഒന്നിച്ചെടുത്തതാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വംവരും ദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കും. ഇതോടൊപ്പം പ്രതിപക്ഷത്തുള്ള കേരളാ കോൺഗ്രസ് എമ്മുമായി യാതൊരു വിധത്തിലും സഹകരിക്കില്ലെന്നും കോൺഗ്രസ് നേതൃത്വം മുൻകൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ നിർണ്ണായക പിന്തുണയിലാണ് യുഡിഎഫ് പാലാ നഗരസഭയിൽ ഭരണം പിടിച്ചെടുത്തിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ, തങ്ങൾക്ക് വ്യക്തിപരമായി യുഡിഎഫ് സംസ്ഥാന നേതൃത്വവുമായാണ് കൃത്യമായ അധികാര കരാറുള്ളതെന്നാണ് സ്വതന്ത്ര കൂട്ടായ്മ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന നിർണ്ണായക കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാർ കൂട്ടത്തോടെ ഇറങ്ങിപ്പോയതായിരുന്നു പുതിയ തർക്കങ്ങളുടെ തുടക്കം. ഡിവൈഎഫ്ഐ സമ്മേളനത്തിനായി നഗരസഭയുടെ കീഴിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുനൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ബസ് സ്റ്റാൻഡ് രാഷ്ട്രീയ സമ്മേളനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട വിഷയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയതിനെ കോൺഗ്രസ് ശക്തമായി എതിർത്തുവെങ്കിലും, ഭരണപക്ഷത്തെയും കൂടുതൽ എൽഡിഎഫ് കൗൺസിലർമാരുടെയും പിന്തുണയോടെ അജണ്ട പാസാക്കുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. നഗരസഭയിലെ പ്രധാന സ്വതന്ത്ര അംഗങ്ങളായ ബിനു പുളിക്കക്കണ്ടവും ബിജുവും ഈ നിർണ്ണായക കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിൽ വലിയ ദുരൂഹതയുണ്ടെന്നും ഇത് എൽഡിഎഫും സ്വതന്ത്രരും തമ്മിൽ അണിയറയിൽ നടത്തിയ വ്യക്തമായ ഒത്തുകളിയാണെന്നും കോൺഗ്രസ് കൗൺസിലർമാർ കടുത്ത ആരോപണം ഉന്നയിച്ചിട്ടുണ്ട്.