രാംപൂർ CRPF ക്യാമ്പ് ആക്രമണം: വധശിക്ഷയ്‌ക്ക്‌ വിധിച്ചവരെ കുറ്റ വിമുക്തരാക്കി അലഹബാദ് ഹൈക്കോടതി

രാംപൂർ CRPF ക്യാമ്പ് ആക്രമണം:  വധശിക്ഷയ്‌ക്ക്‌  വിധിച്ചവരെ കുറ്റ വിമുക്തരാക്കി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്  : 2007 ഡിസംബർ 31 ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ മുഹമ്മദ് ഷെരീഫ്, സബാബുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ് എന്നീ നാല് പേർക്ക് വധശിക്ഷയും ജങ് ബഹാദൂറിന് ജീവപര്യന്തം തടവും വിധിച്ച വിചാരണ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി.ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ്മ, റാം മനോഹർ നരേൻ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മുഹമ്മദ് ഷെരീഫ്, സബാവുദ്ദീൻ, ഇമ്രാൻ ഷഹജാദ്, മുഹമ്മദ് ഫാറൂഖ്, ജങ് ബഹാദൂർ ഖാൻ എന്നിവരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് കുറ്റവിമുക്തരാക്കി.

 "പ്രതികൾക്കെതിരായ പ്രധാന കുറ്റം ന്യായമായ സംശയത്തിനപ്പുറം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു" എന്ന് കോടതി നിരീക്ഷിച്ചു. “അന്വേഷണത്തിലെ പിഴവ് കേസിൻ്റെ പരാജയമായി, ഒടുവിൽ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിൽ  അത് കലാശിച്ചു. കുറ്റകൃത്യത്തിന്റെ വ്യാപ്തിയിൽ  ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്, അതേസമയം, പ്രധാന കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ന്യായമായ സംശയാതീതമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു എന്ന് നിരീക്ഷിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു, അന്വേഷണത്തിലെ വീഴ്ചകൾ ഉചിതമായി കൈകാര്യം ചെയ്യാനും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാനും സംസ്ഥാനത്തിന് സ്വാതന്ത്ര്യമുണ്ട്.” കോടതി പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് 2008 ജനുവരി 1 നാണ്  റാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ഓം പ്രകാശ് ശർമ്മ ഒരു എഫ്‌ഐആർ ഫയൽ ചെയ്തിരുന്നത്.


2008 ലെ 208-ാം നമ്പർ സെഷൻ ട്രയൽ കേസിൽ (സ്റ്റേറ്റ് vs മുഹമ്മദ് ഷെരീഫ് @ സുഹൈലും മറ്റുള്ളവരും) 2019 നവംബറിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച വിധിക്കും ഉത്തരവിനുമെതിരെ ക്യാപിറ്റൽ അപ്പീലും റഫറൻസും ഫയൽ ചെയ്തു.ഷരീഫ് ഉൾപ്പെടെയുള്ള അപ്പീലർമാർ സമർപ്പിച്ച വധശിക്ഷാ അപ്പീലും റഫറൻസും അനുവദിച്ചുകൊണ്ട്, ജസ്റ്റിസുമാരായ സിദ്ധാർത്ഥ വർമ്മ, റാം മനോഹർ നാരായൺ മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ചില പ്രതികളിൽ നിന്ന് എകെ-47 റൈഫിൾ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ ആയുധ നിയമത്തിലെ സെക്ഷൻ 25 (1-എ) പ്രകാരം അവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. അതിനാൽ, അപ്പീലർമാർക്ക് 10 വർഷം കഠിനതടവ് കോടതി ശിക്ഷ വിധിച്ചു.കൂടാതെ, ആയുധ നിയമപ്രകാരം ചെയ്ത കുറ്റത്തിന് മുഹമ്മദ് ഷെരീഫ്, സബാവുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ്, ജങ് ബഹാദൂർ എന്നിവർക്ക് ഓരോ ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. മേൽപ്പറഞ്ഞ ശിക്ഷാവിധിയുമായി അപ്പീലർമാർ അനുഭവിച്ച തടവുകാലം     ക്രമീകരിച്ചുകൊണ്ടാണ്  കോടതിവിധിപ്രഖ്യാപിച്ചത്