സിലിണ്ടർ കിട്ടാനില്ല, പരാതിയുമായി ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിൻ്റെ ആഘാതം രാജ്യത്തെ ഓരോ സാധാരണക്കാരൻ്റെയും വീട്ടിലെ അടുക്കളയില്‍ വരെ എത്തുന്നു. വാണിജ്യ മേഖലയില്‍ എല്‍പിജി സിലിണ്ടറുകളുടെ അഭാവം മൂലം രാജ്യത്തെ വിവിധയിടങ്ങളില്‍ റെസ്‌റ്റോറൻ്റുകളും ഹോട്ടലുകളുമെല്ലാം അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് എല്‍പിജി സിലിണ്ടറുകളുടെ പ്രതിസന്ധി വീട്ടുപടിക്കല്‍ വരെ എത്തിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും, അതല്ല യാഥാര്‍ഥ്യമെന്നാണ് സാധാരണക്കാര്‍ പറയുന്നത്.രാജ്യത്തെ വിവിധയിടങ്ങളില്‍ വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതില്‍ തടസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തി. ചെന്നൈ, ബെംഗളൂരു, മുംബൈ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും സിലിണ്ടറുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. കേരളത്തിലെ വിവിധയിടങ്ങളിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓൺലൈനായോ, വാട്‌സാപ്പ് വഴിയോ, ഐവിആർഎസ് (IVRS) വഴിയോ സിലിണ്ടർ ബുക്ക് ചെയ്യാൻ പലർക്കും കഴിയുന്നില്ല.ചില പ്രദേശങ്ങളിൽ കരിഞ്ചന്തയിൽ പാചകവാതകത്തിന് അമിതവില ഈടാക്കുന്നതായി ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
തടസങ്ങളുണ്ടെന്ന് സമ്മതിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
ചില സാങ്കേതിക തടസങ്ങൾ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്ന സമയക്രമത്തെ ബാധിച്ചതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ സമ്മതിച്ചു. എന്നാൽ ഗാർഹിക എൽപിജി വിതരണത്തിൽ കുറവില്ലെന്ന് അവർ വ്യക്തമാക്കി. 'ചില സാങ്കേതിക തകരാറുകൾ ഉണ്ടായിട്ടുണ്ട്, ഞങ്ങൾ അത് പരിഹരിച്ചുവരികയാണ്, എന്നാൽ ഗാർഹിക സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടാകില്ല. നിലവിലുള്ള സ്റ്റോക്കുകൾ ഗാർഹിക ഉപഭോക്താക്കൾക്കായി മുൻഗണന നൽകി മാറ്റിവച്ചിരിക്കുകയാണ്. സാങ്കേതിക തകരാർ കാരണം സിലിണ്ടറുകൾ റീഫിൽ ചെയ്യുന്ന കാലയളവിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്, അതും ഉടൻ തന്നെ പരിഹരിക്കപ്പെടും,' ഐഒസിഎൽ മാർക്കറ്റിംഗ് മാനേജർ (സിസി) അനുരാഗ് ശുക്ല പറഞ്ഞു.
രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സമാനമായ പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. പാചകവാതക വിതരണത്തിൽ തടസം നേരിടുമെന്ന ഭീതിയിൽ സിലിണ്ടർ റീഫിൽ ചെയ്യാൻ ഉപഭോക്താക്കൾ നെട്ടോട്ടമോടുകയാണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ഉപഭോക്താക്കൾക്കിടയിലുണ്ടായ പരിഭ്രാന്തി എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ നീണ്ട ക്യൂവിന് കാരണമായി.മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലരും വെറുംകൈയോടെ മടങ്ങേണ്ടി വന്നതായി ബിഹാറിലെ ദർഭംഗയിലെ കടയുടമയായ ദയാ നാനാ മിശ്ര പറഞ്ഞു. "ഒരു സിലിണ്ടർ കിട്ടാനായി ഞാൻ മണിക്കൂറുകളോളം വരിയിൽ നിന്നു. അവിടെ കാത്തുനിന്ന ഏകദേശം 20 പേരിൽ 9 പേർക്ക് മാത്രമാണ് സിലിണ്ടർ ലഭിച്ചത്, ബാക്കിയുള്ളവരെ കെവൈസി (KYC) പ്രശ്‌നങ്ങളോ മറ്റ് കാരണങ്ങളോ പറഞ്ഞ് മടക്കി അയച്ചു. ക്ഷാമമുണ്ടെന്ന അഭ്യൂഹങ്ങൾ കാരണം പാചകവാതകം ഉറപ്പാക്കാൻ വലിയൊരു ജനക്കൂട്ടം തന്നെ ക്യൂ നിൽക്കുന്നുണ്ട്.