'മോന്‍താ' കരതൊട്ടു; ആന്ധ്രയില്‍ 6 മരണം

'മോന്‍താ' കരതൊട്ടു;  ആന്ധ്രയില്‍ 6 മരണം

ഹൈദരാബാദ്: മോന്‍താ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശിലുണ്ടായ മഴക്കെടുതികളില്‍  ആറ് പേര്‍ മരിച്ചതായി  റിപ്പോര്‍ട്ട്. ഒഡിഷയില്‍ ചുഴലിക്കാറ്റ് കാര്യമായ നാശ നഷ്ടം ഉണ്ടാക്കിയിട്ടില്ല. മോന്‍തായുടെ സ്വാധീന പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണെങ്കിലും അന്ധ്രയിലെ റെഡ് അലര്‍ട്ട് ഐഎംഡി പിന്‍വലിച്ചു. ഒഡിഷയിലെ 15 ജില്ലകളില്‍ ജനജീവിതത്തെ മോന്‍ താ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മോന്‍ താ ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് കടന്നുവെന്നാണ് വിവരം. മോന്‍ തായുടെ സ്വാധീനത്തില്‍ ഒഡിഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും ഐഎംഡി മുന്നറിയിപ്പുണ്ട്.