എഡിഎം നവീൻ ബാബുവിന്‍റെ മരണo : തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ വാദം 26ലേക്ക് മാറ്റി.

എഡിഎം നവീൻ ബാബുവിന്‍റെ മരണo : തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ വാദം 26ലേക്ക് മാറ്റി.

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ആറ് പ്രധാന രേഖകള്‍ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു.എന്നാല്‍, കുറ്റപത്രത്തില്‍ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. പ്രതിഭാഗത്തിന്‍റെ വാദം 26ന് തലശ്ശേരി സെഷൻസ് കോടതി കേള്‍ക്കും. എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ തലശ്ശേരി സെഷൻസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്. കണ്ണൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹർജി തുടർവാദത്തിനായി സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ സംഘത്തിന്‍റെ ഭാഗമായിരുന്ന റിട്ടയർഡ് എസിപി ടികെ രത്നകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കേസ് നീട്ടികൊണ്ടു പോകാനുളള നീക്കമാണ് തുടന്വേഷണ ഹർജിയെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.