രൺവീർ സിങ്ങിന് വധ ഭീഷണി: ഹാരി ബോക്‌സറിനെതിരെനോട്ടീസിറക്കി മുംബൈ ക്രൈംബ്രാഞ്ച്

 രൺവീർ സിങ്ങിന് വധ ഭീഷണി: ഹാരി ബോക്‌സറിനെതിരെനോട്ടീസിറക്കി മുംബൈ ക്രൈംബ്രാഞ്ച്

മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിന് വധ ഭീഷണി മുഴക്കിയ കേസിൽ ഹരിചന്ദ്ര എന്ന ഹാരി ബോക്‌സറിനെതിരെ മുംബൈ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചു. ഇയാള്‍ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹായിയാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇന്നാണ്  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ വിവരം പൊലീസ് അറിയിച്ചത്. നടന്‍റെ മാനേജരുടെ വാട്‌സ് ആപ്പ് നമ്പറില്‍ വോയ്‌സ് മെസേജായിട്ടാണ് ഭീഷണി സന്ദേശം എത്തിയത്. രണ്‍വീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഭീഷണി സന്ദേശത്തില്‍ താന്‍ ലോറന്‍സ് ബിഷ്‌ണോയ്‌യുടെ സംഘത്തില്‍പ്പെട്ട ഹാരി ബോക്‌സര്‍ എന്ന് സ്വയം പരിചയപ്പെടുത്തി 20 കോടി രൂപയാണ് ആവശ്യപ്പെട്ടതായാണ് പറയുന്നത്. അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത ഒരു ഫോൺ നമ്പറിൽ നിന്നാണ് വോയ്‌സ് നോട്ട് അയച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി, വോയ്‌സ് നോട്ട് പഞ്ചാബിലെയും ഹരിയാനയിലെയും ഏജൻസികൾക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭീഷണി അയയ്ക്കാൻ ഉപയോഗിച്ച വിദേശ നമ്പറുമായി ബന്ധപ്പെട്ട സാങ്കേതിക വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി മുംബൈ പോലീസ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.വാട്ട്‌സ്ആപ്പ് അയച്ച വോയ്‌സ് മെസേജ് ഹാരി ബോക്‌സറിന്റേതുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനായുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബിഷ്‌ണോയി സംഘത്തിലെ പ്രധാന പങ്കാളിയായ ഹാരി ബോക്‌സർ എന്നറിയപ്പെടുന്നയാൾ രൺവീർ സിങ്ങിന്‍റെ മാനേജർക്ക് 10 കോടി രൂപ തട്ടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വോയ്‌സ് നോട്ട് അയച്ചതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം നേരത്തെ ലഭിച്ച ഭീഷണിയും പുതിയ വോയ്‌സ് മെസേജും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.