കടബാധ്യത ; ആന്ധ്രയില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കി

അമരാവതി: ഭർത്താവിൻ്റെ കടബാധ്യതയിൽ മനംനൊന്ത് മക്കളെ കൊന്ന് ഭാര്യ ജീവനൊടുക്കി. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ പുത്തുരിലാണ് ഞെട്ടിക്കുന്ന സംഭവം. തൻ്റെ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പത്മ ആത്മഹത്യ ചെയ്‌തത്.പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ താൻ വളരെയധികം കഷ്‌ടപ്പെട്ടുവെന്നും ഭര്‍ത്താവിൻ്റെ ക്രൂരത സഹിക്ക വയ്യാതെയാണ് ജീവനൊടുക്കിയതെന്നും പത്മയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. ജീവിതത്തിൽ സാമ്പത്തിക സ്ഥിരത ഉണ്ടാകുമ്പോള്‍ മാത്രം വിവാഹം കഴിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
പുത്തൂർ സ്വദേശി കണ്ണപ്പ റെഡ്ഡിയുടെ മകളാണ് പത്മ. പത്മയും ഭർത്താവായ ശിവശങ്കറും ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതലേ സുഹൃത്തുകളായിരുന്നു. പിന്നീട് അത് പ്രണയമായി മാറി. വിവാഹം കഴിക്കണം എന്ന് തീരുമാനിച്ചപ്പോൾ ഇരുവരും കാര്യം വീട്ടിൽ അവതരിപ്പിച്ചു.അന്യജാതിയില്‍ പെട്ടതാണെന്നും ജോലി ഇല്ലെന്നും ചൂണ്ടിക്കാട്ടി ശിവശങ്കറുമായുള്ള വിവാഹത്തെ പത്മയുടെ വീട്ടുകാർ എതിർത്തു. പക്ഷെ വീട്ടുകാരെ എതിർത്ത് 2019 ൽ പത്മ ശിവശങ്കറെ വിവാഹം കഴിച്ചു.
വിവാഹം കഴിച്ചതിന് ശേഷവും ശിവശങ്കർ സ്ഥിരമായി ഒരു ജോലിക്ക് പോകുകയോ വീട്ടുചെലവുകൾക്ക് കാശ് നൽകുകയോ ചെയ്‌തിരുന്നില്ല. പത്മ ഒരു സ്വയം സഹായ സംഘത്തിലെ അംഗമായിരുന്നതിനാൽ അതിൽ നിന്ന് വായ്‌പയെടുത്തായിരുന്നു ചെലവുകൾ എല്ലാം നോക്കിയിരുന്നത്.
രണ്ട് ദിവസം മുമ്പ് ശിവശങ്കറിൻ്റെ ഈ പ്രവൃത്തിയിൽ ഗ്രാമത്തലവൻ ശിവശങ്കറിനെ ശകാരിക്കുകയും കുടുംബം നോക്കണം എന്ന് പറയുകയും ചെയ്‌തു. തനിക്ക് പട്ടണത്തിൽ ഒരു ജോലി ശരിയായിട്ടുണ്ടെന്നും ഉടൻ തന്നെ അതിന് പോകുമെന്നും ശിവശങ്കർ ഗ്രാമത്തലവന് വാക്ക് കൊടുത്തു.ഇന്നലെ ശിവശങ്കർ പുറത്ത് പോയപ്പോൾ സഹായ സംഘത്തിൽ നിന്ന് എടുത്ത വായ്‌പ തിരിച്ചടച്ചോ എന്ന് ചോദിച്ച് പത്മ വിളിച്ചിരുന്നു. എന്നാൽ കാശ് അടച്ചില്ല എന്നായിരുന്നു ശിവശങ്കറിൻ്റെ മറുപടി. തുടർന്നാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം പത്മ ആത്മഹത്യ ചെയ്യുന്നത്.