ഡൽഹി സ്ഫോടനം : മരണം 15 ,ആസൂത്രണം ചെയ്തത് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം

ഡൽഹി സ്ഫോടനം : മരണം 15 ,ആസൂത്രണം ചെയ്തത് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം

ന്യുഡൽഹി: ഡൽഹി സ്ഫോടനക്കേസിൽ എൻഐഎയുടെ അന്വേഷണം നിർണ്ണായകമായ വഴിത്തിരിവിൽ . ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നതോടെ ഭീകരാക്രമണത്തിന്റെ വ്യാപ്തി കൂടുതൽ വ്യക്തമായി. ഏറ്റവും പുതിയ സംഭവവികാസത്തിൽ, ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയ ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നു. ഭീകരർ ആസൂത്രണം ചെയ്തത് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങളായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും അന്വേഷണ ഏജൻസി പുറത്തുവിട്ടു.സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായ പുതിയ വ്യക്തി.ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നത് ഇയാളായിരുന്നു. ഡ്രോണുകളെ റോക്കറ്റാക്കി മാറ്റി ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അന്വേഷണത്തിൽ എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്.വൈകിട്ട് 6.55ഓടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.