ഡൽഹി സ്ഫോടനം; അമിത്ഷായുടെ രാജിആവശ്യപ്പെട്ട് കെസി വേണുഗോപാൽ

ഡൽഹി സ്ഫോടനം;  അമിത്ഷായുടെ രാജിആവശ്യപ്പെട്ട്  കെസി വേണുഗോപാൽ

തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിൻ്റെ ധാർമിക ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗുരുതരമായ സുരക്ഷാ വീഴ്‌ചയാണ് നടന്നതെന്നും കെസി വേണുഗോപാൽ ആരോപിച്ചു."യുപിഎ അധികാരത്തിലിരുന്ന കാലത്ത് മുംബൈ സ്ഫോടനം നടന്നപ്പോൾ, സുരക്ഷയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ ആഭ്യന്തരമന്ത്രി രാജിവച്ചു. സുരക്ഷാ വീഴ്‌ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷം അമിത് ഷായുടെ രാജി ആവശ്യപ്പെടുകയാണ്'' - കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരവാദിത്തബോധം ഉണ്ടെങ്കിൽ അമിത് ഷാ രാജിവയ്ക്കണം. തൻ്റെ കീഴിൽ രാജ്യത്ത് കലാപങ്ങളോ സ്ഫോടനങ്ങളോ നടന്നിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെൻ്റിൽ എപ്പോഴും കള്ളം പറയാറുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

"നമ്മുടെ ആഭ്യന്തരമന്ത്രി പാർലമെൻ്റിൽ എപ്പോഴും പറയാറുണ്ട്, കലാപങ്ങളില്ല, സ്ഫോടനങ്ങളില്ല എന്ന്. എല്ലായ്‌പ്പോഴും കള്ളം പറയാറുണ്ട്. ഇപ്പോൾ, അദ്ദേഹത്തിൻ്റെ കൺമുന്നിൽ, അദ്ദേഹത്തിൻ്റെ ഓഫീസിന് വളരെ അടുത്താണ് ഈ സ്‌ഫോടനം നടന്നത്. സർക്കാർ വ്യക്തമായ അന്വേഷണം നടത്തുകയും യഥാർഥ കാരണം കണ്ടെത്തി രാജ്യത്തിന് മുന്നിൽ വെളിപ്പെടുത്തുകയും വേണം"  കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും കര്‍ണാടകയിലെ മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയും ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി നേരത്തെ രംഗത്തെത്തിയിരുന്നു. സ്വതന്ത്രഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തമന്ത്രിയെന്നാണ് അദ്ദേഹം അമിത് ഷായെ വിശേഷിപ്പിച്ചത്. അമിത് ഷായ്‌ക്കെതിരേ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ് ഭയക്കുന്നതെന്നും നടപടി സ്വീകരിച്ചാല്‍ ഗുജറാത്തിലെ രഹസ്യങ്ങള്‍ പുറത്തുവരുമെന്നതാണോ പ്രധാനമന്ത്രിയുടെ ഭയത്തിന് കാരണമെന്നും അദ്ദേഹം ചോദിച്ചു. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രി ഇപ്പോള്‍ രാജിവച്ചിട്ടുണ്ടാകുമെന്നും ഇവിടെ ഇൻ്റലിജന്‍സ് പരാജയപ്പെട്ടെന്നും അതിനാല്‍ ആഭ്യന്തരമന്ത്രി എത്രയുംവേഗം രാജിവയ്ക്ക‌ണമെന്നും പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു.