ഡൽഹി റാണി ഗാർഡൻ ചേരി പ്രദേശത്ത് വൻ തീപിടുത്തം

ഡൽഹി റാണി ഗാർഡൻ ചേരി പ്രദേശത്ത് വൻ തീപിടുത്തം

ന്യുഡൽഹി: ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡൻ ചേരി പ്രദേശത്ത് വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 1:05 ഓടെയാണ് സംഭവം. ഒരു സ്ക്രാപ്പ് വെയർഹൗസിൽ നിന്ന് പടർന്നുപിടിച്ച തീ, സമീപത്തെ  ചേരി വാസസ്ഥലങ്ങളെ പൂർണ്ണമായും നശിപ്പിച്ചു. എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .സംഭവത്തെക്കുറിച്ച് ഫയർ ഓഫീസർ യശ്വന്ത് സിൻഹ നൽകിയ വിവരങ്ങൾ അനുസരിച്ച്, സ്ക്രാപ്പ് വെയർഹൗസിൽ നിന്നാണ് തീ ആദ്യം ഉണ്ടായത്. ഇത് സമീപത്തെ വീടുകളിലേക്ക് അതിവേഗം പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ 8 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പ്രയത്നിച്ചു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഫയർഫോഴ്സ് അറിയിച്ചു. ചേരിപ്രദേശത്തെ 400 ഓളം വീടുകളും വളർത്തുമൃഗങ്ങളും  ടയറുകളും റബ്ബറും നിറച്ച ഒരു ഗോഡൗണും കത്തിനശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.