ട്രാൻസ്ജെൻഡർ നിയമ ഭേദഗതി; കേന്ദ്രത്തിൻ്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഭേദഗതി ചെയ്ത ട്രാൻസ്ജെൻഡർ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികളിൽ കേന്ദ്രത്തിൻ്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. ലൈംഗികസ്വത്വം സ്വയം നിർണയിക്കാനുള്ള അവകാശം എടുത്തുകളയുന്ന 2026 ലെ (അവകാശ സംരക്ഷണ) ട്രാൻസ്ജെൻഡർ ഭേദഗതി നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കേന്ദ്രത്തിൻ്റെ നിലപാട് തേടിയത്. ഇത്തരത്തിൽ വന്നിട്ടുള്ള രണ്ട് ഹർജികൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിഇന്ന് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
ചന്ദ്രേഷ് ജെയിൻ, ലക്ഷയ് ജെയിൻ എന്നിവരുടെ ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് കേന്ദ്ര സർക്കാരിന് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടത്. സ്വയം തിരിച്ചറിഞ്ഞ ലിംഗ വ്യക്തിത്വത്തെ നീക്കം ചെയ്യുന്ന ഈ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അന്തസ്സ്, സ്വകാര്യത, തീരുമാന സ്വയംഭരണം എന്നിവയ്ക്കുള്ള അവകാശങ്ങളെ ലംഘിക്കുന്നുവെന്നും സംസ്ഥാന നിയന്ത്രിത പരിശോധന, സർട്ടിഫിക്കേഷൻ, ലിംഗ വ്യക്തിത്വ പരിശോധന എന്നിവ അവതരിപ്പിക്കുന്നുവെന്നും ഹർജിക്കാരനായ ചന്ദ്രേഷ് ജെയിൻ ഹർജിയിൽ പറഞ്ഞു.ഭേദഗതി നിയമം വ്യക്തമായും ഏകപക്ഷീയവും അനുപാതരഹിതവുമാണെന്നും ലിംഗ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നതിലൂടെ ആർട്ടിക്കിൾ 19(1)(എ) ലംഘിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ ഹർജിയിൽ കൂട്ടിച്ചേർത്തു. ലിംഗ വ്യക്തിത്വം അന്തസ്സിൻ്റെയും സ്വയംഭരണത്തിൻ്റെയും വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും അവിഭാജ്യ ഘടകമാണെന്നും ആർട്ടിക്കിൾ 14, 19(1)(എ), 21 എന്നിവ പ്രകാരം ഓരോ വ്യക്തിക്കും ലൈംഗികസ്വത്വം സ്വയം നിർണയിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി ഇതിനകം വിധിച്ചിട്ടുള്ളതാണെന്നും ചന്ദ്രേഷ് ജെയിനിൻ്റെ ഹർജിയിൽ ഊന്നിപ്പറഞ്ഞു.ലിംഗ വ്യക്തിത്വം സ്വയം തിരിച്ചറിയലിൻ്റെ ഭാഗമാണെന്നും മനഃശാസ്ത്രപരമായ ഐഡൻ്റിറ്റിക്ക് ജൈവിക ഗുണങ്ങളെക്കാൾ മുൻഗണന നൽകണമെന്നും സുപ്രീം കോടതി വിധിച്ച (നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ) കേസിൽ നിയമ ലംഘനമാണ് ഇത്തരമൊരു ആവശ്യമെന്ന് ലക്ഷ്യ ജെയിനിൻ്റെ ഹർജിയിൽ പറഞ്ഞു. കേസ് ജൂലൈ 22 ന് പരിഗണിക്കും. ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ, 2026 മാർച്ച് 25 ന് പാർലമെൻ്റ് പാസാക്കി. മാർച്ച് 30 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ അനുമതിയും ലഭിച്ചു.