അന്താരാഷ്ട്ര ആയുധക്കടത്ത് ശൃംഖല തകർത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: അന്താരാഷ്ട്ര ആയുധക്കടത്ത് ശൃംഖല തകർത്ത് ഡൽഹി പൊലീസ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വൻ ആയുധക്കടത്ത് റാക്കറ്റിനെയാണ് ഡൽഹിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് ആയുധം കടത്തുന്ന പത്തംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.പരിശോധനയിൽ സംഘത്തിൻ്റെ പക്കൽനിന്ന് നിരവധി വിദേശ നിർമിത തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു. സബ് മെഷീൻ തോക്കുകൾ, ഓട്ടോമാറ്റിക് പിസ്റ്റളുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ വലിയ ശേഖരം പ്രതികളുടെ പക്കലുണ്ടായിരുന്നു. ചെക്ക് റിപ്പബ്ലിക് നിർമിത മെഷീൻ ഗണ്ണും വിവിധ രാജ്യങ്ങളിൽ നിർമിച്ച പിസ്റ്റളുകളും പൊലീസ് തിരിച്ചറിഞ്ഞു. ഉയർന്ന നിലവാരമുള്ള ഓട്ടോമാറ്റിക് ആയുധങ്ങൾ ഉൾപ്പെടെ മൊത്തം 21 തോക്കുകളാണ് പിടിച്ചെടുത്തത്.ഇതിനു പുറമെ 200 ലൈവ് കാട്രിഡ്‌ജുകളും പ്രതികളിൽനിന്ന് കണ്ടെടുത്തു. പ്രത്യേക സേനകൾ സാധാരണയായി ഉപയോഗിക്കുന്ന പിഎക്സ്-5.7 പിസ്റ്റളുകൾ, തുർക്കി നിർമിത സ്റ്റോഗർ പിസ്റ്റളുകൾ, ചൈനയിൽനിന്നുള്ള പിഎക്സ്-3 പിസ്റ്റളുകൾ, ഷാഡോ സിസെഡ് പിസ്റ്റളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇറ്റലി, ബ്രസീൽ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ള ബെറെറ്റ, ടോറസ്, വാൾത്തർ തുടങ്ങിയവയുടെ വലിയൊരു ആയുധശേഖരവും പ്രതികളിൽനിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികൾക്ക് രാജ്യാന്തര ബന്ധം
ഇന്ത്യയിലുടനീളവും വിദേശത്തും നിയമവിരുദ്ധ ആയുധങ്ങൾ കടത്തുന്ന സുസംഘടിതമായ അതിർത്തി കടന്നുള്ള ശൃംഖലയുടെ ഭാഗമാണ് പ്രതികളെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അയൽ രാജ്യങ്ങളിൽനിന്ന് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഹാൻഡ്‌ലർമാരുമായും വിതരണക്കാരുമായും പ്രതികൾക്ക് ബന്ധമുണ്ടായിരുന്നു.അതിർത്തികളിലൂടെ ആയുധങ്ങൾ കൊണ്ടുപോകുന്നതിനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനും രഹസ്യ മാർഗങ്ങളും ഇടനിലക്കാരെയും ഇവർ നിയോഗിച്ചിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത ശേഷമാണ് ആയുധങ്ങൾ കൈമാറ്റം ചെയ്തത്. ഇതിനുപിന്നിൽ നിരവധി ഏജൻ്റുമാർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.