ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്‍റെ കൊലപാതകം; ഇന്ത്യയില്‍ പ്രതിഷേധം ശക്തം, വിഎച്ച്പി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ കസ്റ്റഡിയില്‍

ന്യൂഡൽഹി: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാക്കി ഇന്ത്യയിലെ ഹൈന്ദവസംഘടനകൾ . ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ശക്തമായ പ്രതിഷേധം നടത്തിയത്. ഡല്‍ഹി കൂടാതെ ജമ്മു കശ്‌മീര്‍, തെലങ്കാന എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്. വിഎച്ച്പി, ബജ്റംഗ് ദള്‍ പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.ജമ്മുവില്‍ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയോ അവിടെ അവരുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യണമെന്ന് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അനധികൃത ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരെ ജമ്മുവിൽ നിന്ന് പുറത്താക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.
ഇരയ്ക്ക് നീതി ലഭിക്കണമെന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം വേണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടു. ഹിന്ദു ജാഗരൺ മഞ്ച്, സർബോ ഭാരതീയ ഹിന്ദി ബംഗാളി സംഗതൻ എന്നീ ഹിന്ദു സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡല്‍ഹിക്ക് പുറമെ തെലങ്കാനയിലും പശ്ചിമ ബംഗാളിലും വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങൾ നടന്നു.വിഎച്ച്പി, ബജ്റംഗ് ദള്‍ പ്രതിഷേധക്കാർ രാവിലെയോടെ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നില്‍ തടിച്ച് കൂടി. നയതന്ത്ര വിഭാഗത്തിലേക്ക് മാർച്ച് നടത്താൻ ശ്രമിക്കുന്നതിനിടെ സമരക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. ഇതോടെ സംഘര്‍ഷം രൂക്ഷമായി. ഉച്ചയോടെ, പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് മുന്നിലേക്ക് കടന്നു. എന്നാല്‍ ഡൽഹി പൊലീസും അർധസൈനികരും അവരെ തടയുകയായിരുന്നു.സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചതിനാല്‍ സുരക്ഷ കണക്കിലെടുത്ത് നയതന്ത്ര മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാർ ഹൈക്കമ്മിഷൻ കെട്ടിടത്തിലേക്ക് എത്തുന്നത് തടയാൻ മൂന്ന് പാളികളായി ബാരിക്കേഡുകൾ സ്ഥാപിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
“പ്രതിഷേധം കണക്കിലെടുത്ത് ഞങ്ങൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ സ്ഥാപിക്കുകയും ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ സേനയെ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്” -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുന്നുണ്ടെന്നും സ്ത്രീകളുടെ അന്തസിന് ഭീഷണിയുണ്ടെന്നും പ്രതിഷേധക്കാരൻ പറഞ്ഞു. "ഭാരത് മാതാ കീ ജയ്" പോലുള്ള മുദ്രവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ ഹൈക്കമ്മിഷന് മുന്നിലേക്ക് ഇരച്ച് കയറിത്.