ഇത്രയുംവിമാനങ്ങൾ വൈകിഓടേണ്ടിവന്നത് ചരിത്രത്തിലാദ്യം ! ഡൽഹി വിമാനത്താവളത്തിലെ തകരാർ പരിഹരിച്ചതായി വ്യോമയാനമന്ത്രാലയം .

ഇത്രയുംവിമാനങ്ങൾ വൈകിഓടേണ്ടിവന്നത് ചരിത്രത്തിലാദ്യം !   ഡൽഹി  വിമാനത്താവളത്തിലെ  തകരാർ പരിഹരിച്ചതായി വ്യോമയാനമന്ത്രാലയം .

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ (ATC) കമ്മ്യൂണിക്കേഷൻ സംവിധാനത്തിലെ തകരാർ പരിഹരിച്ചതായി വ്യോമയാനമന്ത്രാലയം .സാങ്കേതിക പ്രശ്‌നം മൂലം നിരവധി യാത്രക്കാരാണ് വലഞ്ഞത്. തകരാൽ പരിഹരിച്ചെങ്കിലും 1000ത്തോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. നിലവിൽ തകരാർ പരിഹരിച്ചെന്നും ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ ആയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചതോടെ 24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിയാണ് അവസാനിച്ചത്.

വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഡൽഹി വിമാനത്താവളത്തിലാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും സമാന സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടു. വ്യോമയാന ചരിത്രത്തില്‍  ആദ്യമായാണ് ഇത്രയും വിമാനങ്ങള്‍ വൈകി ഓടുന്നത്.

"മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത" സാഹചര്യമാണിതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. നവംബർ ആറിനാണ് തകരാർ സംബന്ധിച്ച പ്രതിസന്ധി ആരംഭിച്ചത്. തുടർന്ന് 24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധി ഏതാനും മണിക്കൂറുകള്‍ക്ക് മുൻപ് പരിഹരിക്കപ്പെടുകയായിരുന്നു.

"തകരാർ തിരിച്ചറിഞ്ഞ ഉടൻ തന്നെ, സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി, എഎഐ ചെയർമാൻ, എഎൻഎസ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഒരു അവലോകന യോഗം നടത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകി. എഎംഎസ്എസ് സംവിധാനങ്ങൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ചില തടസങ്ങൾ കാരണം എയർലൈനുകൾക്കും യാത്രക്കാർക്കും ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു." - വ്യോമയാന മന്ത്രാലയം അറിയിച്ചു.

അതേസമയം സിസ്റ്റത്തിൻ്റെ പ്രവർത്തനം നിരീക്ഷിക്കാൻ ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎൽ), എഎഐ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം സ്ഥലത്തുണ്ട്.

എഎംഎസ്എസ് എന്താണ്?

ഇന്ത്യയുടെ എയർ ട്രാഫിക് മാനേജ്‌മെൻ്റ് നെറ്റ്‌വർക്കിൻ്റെ ഒരു നിർണായക ഭാഗമാണ് ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റം (AMSS). ഓരോ ടേക്ക് ഓഫിനും മുൻപായി എയർലൈനുകൾ സമർപ്പിക്കുന്ന വിശദമായ വിവരങ്ങളായ ഫ്ലൈറ്റ് പ്ലാൻ ഡാറ്റ രാജ്യത്തുടനീളമുള്ള കൺട്രോളർമാർക്ക് സ്വയമേവ സ്വീകരിക്കുകയും പ്രോസസ് ചെയ്യുകയും റൂട്ട് ചെയ്യുകയും ചെയ്യുന്നു.

പ്രതിദിനം 1,500-ലധികം വിമാന സര്‍വീസുകളും മണിക്കൂറിൽ ഏകദേശം 70 വിമാന ചലനങ്ങളും കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും (IGIA), AMSS ഓട്ടോ ട്രാക്ക് സിസ്റ്റത്തിലേക്ക് (ATS) തത്സമയ ഡാറ്റ നൽകുന്നു. വിമാന റൂട്ടുകൾ, ഉയരങ്ങൾ, സമയക്രമങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ ഇത് കൺട്രോളർമാരെ അനുവദിക്കുന്നു.

എന്നാൽ സിസ്റ്റം തകരാറിലായപ്പോൾ, കൺട്രോളർമാർക്ക് ഓട്ടോമേറ്റഡ് ഫ്ലൈറ്റ് പ്ലാൻ ഡാറ്റയിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെട്ടു. റൂട്ടിങ്, ഇന്ധനം, ഉയരം, കാലാവസ്ഥാ പാരാമീറ്ററുകൾ എന്നിവ ഉൾപ്പെടുന്ന ഓരോ ഫ്ലൈറ്റ് പ്ലാനും സ്വമേധയാ ചെയ്യേണ്ടിവന്നു. ഓരോ ഫ്ലൈറ്റിനും അധിക സമയം എടുക്കുന്ന ഒരു പ്രക്രിയ. ഓരോ മണിക്കൂറിലും നൂറുകണക്കിന് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തതിനാൽ, പ്രവർത്തനങ്ങൾ കുത്തനെ മന്ദഗതിയിലാവുകയായിരുന്നു.

എങ്ങനെയാണ് തകരാർ സംഭവിച്ചത്?

നവംബർ ആറ് വൈകുന്നേരത്തോടെ എടിസി ഉദ്യോഗസ്ഥർ അവരുടെ ടെർമിനലുകളിൽ ഫ്ലൈറ്റ് പ്ലാൻ ഡാറ്റ നഷ്‌ടപ്പെട്ടതായി റിപ്പോർട്ട് ചെയ്‌തതോടെയാണ് പ്രശ്‌നം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഓട്ടോമാറ്റിക് സന്ദേശ പ്രവാഹം നിലച്ചുവെന്ന് കൺട്രോളർമാർ സ്ഥിരീകരിച്ചു.കൺട്രോളറുകൾക്ക് അവരുടെ സ്‌ക്രീനുകളിൽ ഫ്ലൈറ്റ് പ്ലാനുകൾ സ്വയമേവ ലഭിക്കാത്തതിനാൽ മാനുവലായി എയർലൈനുകൾ സ്വമേധയാ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രശ്‌നം ആരംഭിച്ചതോടെ 800 വിമാനങ്ങൾ വൈകി. ഇതോടെ യാത്രക്കാർകൊണ്ട് എയർപോർട്ട് നിറയുകയും ചെയ്‌തു.ചെക്ക്-ഇൻ കൗണ്ടറുകളിലും ബോർഡിങ് ഗേറ്റുകളിലും വലിയ ക്യൂ ആണ് നിലവിലുള്ളത്. പുറപ്പെടൽ ബോർഡുകൾ ആവർത്തിച്ചുള്ള കാലതാമസം കാണിച്ചതിനാൽ പലരും മണിക്കൂറുകളോളം കാത്തിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന എയർലൈനുകളെയും തടസം ബാധിച്ചിട്ടുണ്ട്.