"കോടതി ഹിതം മാത്രം അറിഞ്ഞാൽ പോര ,ശബരിമലയിൽ ദേവപ്രശ്നം നടത്തണം " : വിശ്വഹിന്ദു പരിഷത്ത്

തിരുവനന്തപുരം : ശബരിമലയിൽ കോടതി ഹിതം മാത്രം അറിഞ്ഞാൽ പോരെന്നും ദേവഹിതം അറിയാൻ ദേവപ്രശ്നം നടത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപ് ശബരിമലയിൽ ദേവപ്രശ്നം നടത്തണമെന്നാണ് വിഎച്ച്പിയുടെ നിലപാട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ദൈവജ്ഞൻമാരുടെ പട്ടിക തയ്യാറാക്കി തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ശബരിമല ധർമശാസ്താവിൻ്റെ മുന്നിൽവച്ച് പൂജ ചെയ്യണമെന്നും വിഎച്ച്പി സംസ്ഥാന പ്രസിഡൻ്റ് വിജി തമ്പി, ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ എന്നിവർ സംയുക്തമായി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.മേൽശാന്തി നിയമനത്തിലെന്ന പോലെ നറുക്കെടുപ്പിലൂടെ മുഖ്യപരികർമിയെ തെരഞ്ഞെടുത്ത് വേണം ദേവപ്രശ്നം നടത്താനെന്നും അവർ നിർദേശിച്ചു. കോടതി ഹിതത്തിനും അപ്പുറം ഭഗവാൻ്റെ ഹിതമാണ് നിറവേറ്റേണ്ടതെന്നാണ് വിഎച്ച്പി നേതാക്കൾ വ്യക്തമാക്കിയത്. അവിശ്വാസികളായ ഭരണകർത്താക്കൾ ഭഗവാന്റെ സ്വർണം മോഷ്ടിച്ചത് പുറത്തറിയാൻ കാരണം ഭഗവാന്റെ ഇച്ഛയാണെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും ഭരണചുമതല വിശ്വാസികൾക്ക് നൽകണമെന്നും ഈശ്വര വിശ്വാസികളല്ലാത്ത മുഴുവൻ ഭരണകർത്താക്കളെയും അടിയന്തരമായി ദേവസ്വം ഭരണത്തിൽ നിന്നും മാറ്റി പകരം വിശ്വാസികളെ നിയമിക്കണമെന്നും നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ ഏതെങ്കിലും കാര്യങ്ങളിൽ അശുദ്ധി സംഭവിച്ചതായോ ദേവഹിതത്തിന് എതിരായ കാര്യങ്ങൾ നടന്നതായോ ഭക്തജനങ്ങളിൽനിന്നോ ക്ഷേത്രഭരണത്തിൽനിന്നോ സംശയങ്ങളുയരുമ്പോഴാണ് സാധാരണയായി ദേവപ്രശ്നം ആവശ്യപ്പെടുന്നത്.