ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കമായി. ഒന്നാം ഉത്സവ ദിനത്തിലെ പ്രധാന ചടങ്ങായ കാപ്പുകെട്ടി കുടിയിരുത്തൽ വൈകുന്നേരം 5.30ന് നടന്നു. ഇന്നേയ്ക്ക് ഒൻപതാം നാളാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത്.ദക്ഷിണേന്ത്യയിൽ തന്നെ ഇത്രയധികം സ്ത്രീകൾ ഒത്തുചേരുന്ന മറ്റൊരു പരിപാടിയുണ്ടോ എന്നത് സംശയമാണെന്ന് പറയാവുന്ന വിധത്തിൽ, ഉത്സവത്തിൻ്റെ ആദ്യദിനം തന്നെ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. ദീപാരാധനയ്ക്ക് ശേഷമുള്ള മേളവും ഭക്തിസാന്ദ്രമായ അന്തരീക്ഷവുമാണ് ഇപ്പോൾ ക്ഷേത്രപരിസരത്ത് കാണാൻ സാധിക്കുന്നത്. ദീപാരാധന തൊഴുത് ഭക്തർ പുറത്തേക്ക് ഇറങ്ങിവരികയാണ്.

സാംസ്കാരിക പരിപാടികൾക്ക് തുടക്കം

രാത്രി എട്ടു മണിയോടെ നടൻ മോഹൻലാൽ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികൾ ആരംഭിക്കും. അദ്ദേഹത്തിൻ്റെ പരിപാടികൾക്കും ആദരവിനും ശേഷം ഏകദേശം പത്തു മണിയോടെ ഈ വർഷത്തെ കലാപരിപാടികൾക്ക് മഹാതുടക്കം കുറിച്ചുകൊണ്ട് നന്ദഗോവിന്ദൻ ഭജൻസിൻ്റെ സംഗീത പരിപാടിയും ഉണ്ടാകും. നടക്കാത്ത ഒരു പരിപാടിയുടെ പേരിൽ അടുത്തിടെ ഏറെ വൈറലായ സംഘമാണ് നന്ദഗോവിന്ദൻ ഭജൻസ്. ഇവരുടെ ഭജനയോടെയാകും പൊങ്കാല മഹോത്സവത്തിൻ്റെ ഒന്നാം ദിവസത്തെ പരിപാടികൾ അവസാനിക്കുക.

പ്രധാന വഴിപാടായി നാരങ്ങാവിളക്ക്

കാപ്പുകെട്ടൽ ചടങ്ങ് കാണാനും നാരങ്ങാവിളക്ക് കത്തിക്കാനുമായി നിരവധി സ്ത്രീജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ആറ്റുകാലമ്മയ്ക്ക് മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. മനസിലുള്ള ആഗ്രഹങ്ങളും ആശകളും പരാതിയും പരിഭവവുമെല്ലാം അമ്മയ്ക്ക് മുന്നിൽ പറഞ്ഞ് നാരങ്ങാവിളക്ക് കത്തിച്ചാൽ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഭക്തിസാന്ദ്രമായി ക്ഷേത്രപരിസരം

ക്ഷേത്രപരിസരത്തേക്ക് എത്തുമ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതിയാണ് ഭക്തർക്ക് ലഭിക്കുന്നത്. നിറയെ വിളക്കുകളെല്ലാം കത്തിച്ച് ആകെ മനോഹരമായി ആറ്റുകാലമ്മ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ പൊങ്കാല കഴിഞ്ഞത് മുതൽ ഈ ദിവസത്തിനായി കാത്തിരിക്കുന്നവരാണ് ഓരോ ഭക്തരും. ഓർമവച്ച നാൾ മുതൽ അമ്മയ്ക്കരികിലെത്തി പൊങ്കാല അർപ്പിച്ചും തെരളി നിവേദിച്ചും തങ്ങളുടെ ആഗ്രഹങ്ങൾ പറയാൻ എത്തുന്നവരാണ് ഭൂരിഭാഗവും. ഇന്ന് ക്ഷേത്രത്തിലെത്തിയ മിക്കവരും പൊങ്കാല ഇടാൻ തയ്യാറെടുക്കുന്നവരാണ്. ആദ്യദിവസം വന്ന് തൊഴുത് അനുഗ്രഹം വാങ്ങി മടങ്ങാനാണ് ഇവർ വന്നിരിക്കുന്നത്.കാപ്പുകെട്ടൽ ചടങ്ങിനൊപ്പം സാംസ്കാരിക പരിപാടികൾ കൂടി കണ്ടിട്ടേ മടങ്ങുകയുള്ളൂ എന്ന് ക്ഷേത്രത്തിന് പത്തുകിലോമീറ്റർ അടുത്തുള്ളവരും, ദൂരെ നിന്നെത്തിയവരുമായ ഭക്തർ പറയുന്നു. ദൂരെയാണെങ്കിലും പൊങ്കാല സമയത്ത് അമ്മയുടെ അടുത്തേക്ക് ഓടിയെത്തണമെന്ന തോന്നലാണ് എല്ലാ വർഷവും തങ്ങളെ ഇവിടേക്ക് എത്തിക്കുന്നതെന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. തലസ്ഥാന നഗരി ആകെയും ഇപ്പോൾ ആറ്റുകാൽ പൊങ്കാലയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് മാറിക്കഴിഞ്ഞു. ഇത്തവണ കൂടുതൽ ഗംഭീരമായ പരിപാടികളാണ് ഉത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.