'രക്തസാക്ഷി ധനരാജ് ഫണ്ടി' ൽ 46 ലക്ഷം രൂപയുടെ തട്ടിപ്പ് : മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയുമായ വി. കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തൽ .പാർട്ടി രക്തസാക്ഷിയായിരുന്ന ധനരാജ് രക്തസാക്ഷി ഫണ്ടിൽ 46 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് അദ്ദേഹം പരസ്യമായി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി.
കുറച്ചു വർഷങ്ങളായി പുകയുന്ന വിഭാഗീയതയുടെ ഏറ്റവും തീവ്രമായ ഭാവമാണ് കണ്ണൂരില്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനിലൂടെഇപ്പോൾ പുറത്തുവന്നിട്ടുള്ളത് .എം.എൽ.എ ടി.ഐ. മധുസൂദനനാണ് ഫണ്ട് തട്ടിയെടുത്തതെന്നും തെളിവുകൾ പാർട്ടി നേതൃത്വത്തിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം അറിയാമെന്നും എന്നാൽ നടപടിയൊന്നുമുണ്ടായിട്ടില്ലാ അദ്ദേഹം ആരോപിക്കുന്നു.2016 ജൂലൈ 11-ന് ധനരാജ് കൊല ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു കോടി രൂപയോളം ഫണ്ട് ശേഖരിച്ചിരുന്നു. കുടുംബത്തിന് വീട് നിർമ്മിച്ച് നൽകലും കേസ് നടത്തലുമായിരുന്നു ഉദ്ദേശ്യം. എന്നാൽ 2021 വരെ കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020-ൽ ഏരിയ സെക്രട്ടറിയായ കുഞ്ഞികൃഷ്ണൻ ആവർത്തിച്ച് കണക്കുകൾ ചോദിച്ചെങ്കിലും ലഭിച്ചില്ല. 2021-ലെ സമ്മേളനത്തിന് തൊട്ടുമുമ്പ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ തന്നെ ചുമതലപ്പെടുത്തിയപ്പോഴാണ് വിചിത്രമായ കണക്കുകൾ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വീട് നിർമ്മാണത്തിന് 34.75 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നായിരുന്നു കണക്ക്. എന്നാൽ ചെക്ക് പരിശോധിച്ചപ്പോൾ 29.75 ലക്ഷം രൂപ കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി കെ.പി. മധുവിന്‍റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തി. രണ്ട് ലക്ഷം രൂപയുടെ കണക്കും സൂചനയില്ലാതെ കാണിച്ചിരുന്നു. ഇതും ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. പാർട്ടി ഏരിയ കമ്മിറ്റിയുടെ കെട്ടിട നിർമ്മാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നും പറയുന്നു. എന്നാൽ കെട്ടിട പണിക്ക് ഈ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നു, അതിനുള്ള ഫണ്ട് അവിടെയുണ്ടായിരുന്നു.തെളിവുകൾ പാർട്ടിക്ക് മുന്നിൽ വെച്ചു. എന്നാൽ നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവെക്കുകയാണ് ചെയ്തതെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. തന്നെ ശാസിച്ച് നിശബ്ദനാക്കാൻ ശ്രമിക്കുകയായിരുന്നു. പാർട്ടിക്കുള്ളിൽ പൊരുതി തോറ്റിട്ടാണ് അണികളോടുള്ള തുറന്നുപറച്ചിലെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച സി.പി.എം വിമത സ്ഥാനാർത്ഥി സി. വൈശാഖ് 458 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ഡി.എഫിനും പിന്നിൽ മൂന്നാം സ്ഥാനത്തായി. ഇതും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.പാർട്ടിയുമായി അകന്നവരെ ചേർത്തുനിർത്താനുള്ള ശ്രമത്തിലായിരുന്നു ജില്ലാ നേതൃത്വം. വീടുകൾ കയറി അഭിപ്രായം ആരാഞ്ഞു. വൈശാഖിനെ കാരണമില്ലാതെ ചില ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ താല്പര്യപ്രകാരം പുറത്താക്കിയെന്നും ഇത് തെറ്റായ നടപടിയാണെന്നുമാണ് പാർട്ടി റിപ്പോർട്ട്. കാര ബ്രാഞ്ചുകളിലെ 24 അംഗങ്ങളും കുടുംബവും അനുഭാവികളും ഇപ്പോഴും പാർട്ടിയോട് അകന്നു നിൽക്കുന്ന സ്ഥിതിയാണ്. പക്ഷേ കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തലിൽ എല്ലാം കീഴ്മേൽ മറിഞ്ഞു.
2016 ജൂലൈ 11-നാണ് കണ്ണൂർ പയ്യന്നൂരിൽ സി.പി.എം പ്രവർത്തകനായ സി.വി. ധനരാജ് (38) കൊല്ലപ്പെടുന്നത്. രാമന്തളി സ്വദേശിയായ ധനരാജിനെ വീടിന്‍റെ ഉമ്മറത്തുവെച്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ സംഭവത്തിന് ശേഷം പ്രദേശത്ത് വലിയ രാഷ്ട്രീയ അക്രമങ്ങൾ നടന്നിരുന്നു. ധനരാജിന്‍റെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ബി.എം.എസ് പ്രവർത്തകനായ സി.കെ. രാമചന്ദ്രൻ കൊല്ലപ്പെട്ടു.നേരത്തെ രക്തസാക്ഷി ഫണ്ട് വിവാദമുയർന്നപ്പോൾ ധനരാജ് ഫണ്ടിൽ നിന്ന് നയാപൈസ പോലും ആരും അപഹരിച്ചിട്ടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി വിശദീകരണക്കുറിപ്പിറക്കിയിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാർട്ടിക്കില്ലെന്നും ജില്ലാ സെക്രട്ടറി കുറിപ്പിൽ പറയുന്നു.