സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

എറണാകുളം: സംവിധായകൻ ചിദംബരത്തി (മഞ്ഞുമ്മൽ ബോയ്സ് )നെതിരെ ലൈംഗികാതിക്രമത്തിന് കേസ് . നാലുവർഷം മുന്നേ നടന്ന സംഭവത്തിൽ ഒരു യുവതി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ 74, 75, 79 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
2022ൽഎറണാകുളം ഇളംകുളത്തുള്ള യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറി എന്നതാണ് ചിദംബരത്തിനെതിരായ പ്രധാന ആരോപണം. ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അവരുടെ ദൃശ്യങ്ങൾ അടക്കം പകർത്താൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള ഗുരുതരമായ കാര്യങ്ങൾ പരാതിയിലുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. പരാതി ലഭിച്ച ഉടൻ തന്നെ എറണാകുളം സൗത്ത് പൊലീസ് നടപടികൾ സ്വീകരിക്കുകയും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
യുവതി നേരിട്ടാണോ അതോ ഇമെയിൽ മുഖേനയാണോ പരാതി നൽകിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരാനുണ്ട്. സൗത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പരാതി ലഭിച്ച വിവരം സ്ഥിരീകരിച്ചു. എന്നാൽ പരാതിക്കാരിയുടെ നിലവിലെ വിവരങ്ങളോ അവർ എവിടെയാണെന്നുള്ളതോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവർ തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. പൊലീസിൻ്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം സംവിധായകൻ രഞ്ജിത്തിനെതിരെ ഉൾപ്പെടെ ഉയർന്ന പരാതികൾ പോലെ ഈ കേസും വർഷങ്ങൾക്ക് ശേഷമാണ് വന്നിരിക്കുന്നത്. പരാതി വൈകി വന്നാലും പൊലീസ് കേസെടുക്കുന്നതിന് അത് തടസമല്ല. എന്നാൽ കോടതി നടപടികളിലേക്ക് കേസ് എത്തുമ്പോൾ ഈ കാലതാമസം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. പൊലീസിന് മുൻപിൽ പരാതി എത്തുമ്പോൾ പ്രാഥമികമായി മൊഴി രേഖപ്പെടുത്തി കേസെടുക്കുക എന്ന നടപടിക്രമമാണ് സൗത്ത് പൊലീസ് ഈ കേസിലും സ്വീകരിച്ചിരിക്കുന്നത്. പരാതിയുടെ മെറിറ്റ് അടക്കമുള്ള കാര്യങ്ങൾ വിശദമായി തന്നെ പൊലീസ് പരിശോധിക്കും.
തുടർനടപടികളുടെ ഭാഗമായി പരാതിക്കാരിയായ യുവതിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. ഇതിനൊപ്പം തന്നെ മജിസ്ട്രേറ്റിന് മുൻപാകെ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലേക്കും കടക്കും. ഗുരുതര സ്വഭാവമുള്ള പരാതിയായതിനാൽ പ്രതിയായ ചിദംബരത്തെയും സ്വാഭാവികമായും ഉടൻതന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്.വരും ദിവസങ്ങളിൽ തന്നെ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിലേക്കും പ്രതിയെ ചോദ്യം ചെയ്യുന്നതിലേക്കുമുള്ള നിയമനടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത. എന്നാൽ എന്നാണ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അടുത്തിടെ നിരവധി അവാർഡുകൾ നേടിയെടുത്ത, മലയാളത്തിലെ വലിയൊരു വിജയചിത്രമായ മഞ്ഞുമ്മൽ ബോയ്സിൻ്റെ സംവിധായകനെതിരെ വന്നിരിക്കുന്ന ഈ ആരോപണം ഏറെ ശ്രദ്ധേയമാണ്.