ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണ്ണായക മാറ്റങ്ങള്‍ക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണ്ണായക  മാറ്റങ്ങള്‍ക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന നിർണായക മാറ്റങ്ങള്‍ക്കൊരുങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ). വിമാന ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണായക മാറ്റം വരുത്തുന്നതാണ് പുതിയ നിർദേശങ്ങള്‍. വിമാന യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡിജിസിഎ വൈകാതെ പുറത്തുവിടും.

അധിക ചാർജ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാം:

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ യാതൊരു അധിക ചാർജും കൂടാതെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ സാധിക്കുമെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. യാത്രാ ഏജന്റുമാർ വഴിയോ ഓണ്‍ലൈൻ പോർട്ടലുകള്‍ വഴിയോ ടിക്കറ്റ് എടുത്താലും പണം തിരികെ നല്‍കേണ്ടത് എയർലൈനുകളുടെ ഉത്തരവാദിത്തമായിരിക്കും. ടിക്കറ്റ് റദ്ദാക്കുന്നതിലെ ചാർജുകളും നടപടി ക്രമങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍.

പുതിയ ടിക്കറ്റിന്റെ അന്നത്തെ നിരക്ക് മാത്രം നല്‍കിയാല്‍ മതി:

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം 48 മണിക്കൂർ നേരം 'ലുക്ക്-ഇൻ ഓപ്ഷൻ' നല്‍കണം. ഈ സമയത്ത്, യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. മാറ്റം വരുത്തുമ്പോള്‍ പുതിയ ടിക്കറ്റിന്റെ അന്നത്തെ നിരക്ക് മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍, ടിക്കറ്റ് നേരിട്ട് എയർലൈൻ വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്തതെങ്കില്‍ യാത്ര പുറപ്പെടുന്നതിന് അഞ്ച് ദിവസത്തിനുള്ളില്‍ (സ്വകാര്യ വിമാനങ്ങള്‍ക്ക്) അല്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ (അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക്) ഈ സൗകര്യം ലഭിക്കില്ല. 48 മണിക്കൂറിന് ശേഷം ടിക്കറ്റ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്താല്‍ സാധാരണ റദ്ദാക്കല്‍ ചാർജുകള്‍ നല്‍കേണ്ടിവരും.

21 പ്രവൃത്തി ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കണം:

പണം തിരികെ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളും വേഗത്തിലാക്കാൻ ഡിജിസിഎ നിർദേശിക്കുന്നു. ടിക്കറ്റ് റദ്ദാക്കിയാല്‍ 21 പ്രവൃത്തി ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പേരില്‍ തെറ്റ് സംഭവിച്ചാല്‍ അത് യാത്രക്കാർ 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ യാതൊരു അധിക ചാർജും കൂടാതെ തിരുത്താൻ സാധിക്കും. ഇത് എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് എടുത്തവർക്കാണ് ബാധകമാകുന്നത്.യാത്രക്കാർക്ക് മെഡിക്കല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ടിക്കറ്റ് റദ്ദാക്കുകയോ പകരം ക്രെഡിറ്റ് ഷെല്‍ (പിന്നീട് ഉപയോഗിക്കാവുന്ന ടിക്കറ്റ്) നല്‍കുകയോ ചെയ്യാൻ എയർലൈനുകള്‍ക്ക് അനുമതിയുണ്ട്. വിമാന ടിക്കറ്റ് റദ്ദാക്കുന്നതിലെ ബുദ്ധിമുട്ടുകളും അധിക ചാർജുകളും സംബന്ധിച്ച്‌ യാത്രക്കാരില്‍ നിന്ന് ലഭിച്ച പരാതികളെ തുടർന്നാണ് ഈ മാറ്റങ്ങള്‍ വരുന്നത്.നവംബർ 30വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.ഈ കരട് നിയമങ്ങളെക്കുറിച്ച്‌ ബന്ധപ്പെട്ട എല്ലാവർക്കും നവംബർ 30വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് പുതിയ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. പലപ്പോഴും ടിക്കറ്റ് റദ്ദാക്കുമ്പോള്‍ വലിയ തുക നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാനാണ് ഡിജിസിഎ പുതിയ ചട്ടങ്ങള്‍ കൊണ്ടു വരുന്നത്. യാത്രാ ഏജന്റുമാർ വഴിയോ ഓണ്‍ലൈൻ വഴിയോ ടിക്കറ്റ് എടുത്താലും, പണം തിരികെ നല്‍കേണ്ട ഉത്തരവാദിത്തം എയർലൈനുകള്‍ക്കായിരിക്കും. ഇത് യാത്രക്കാർക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കും.പുതിയ നിയമങ്ങള്‍ നടപ്പിലാകുന്നതോടെ വിമാനയാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാകും. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പെട്ടെന്ന് യാത്ര മാറ്റേണ്ടി വന്നാലോ അല്ലെങ്കില്‍ യാതൊരു കാരണവശാലും യാത്ര ചെയ്യാൻ സാധിക്കാതെ വന്നാലോ, യാതൊരു അധിക ചെലവുമില്ലാതെ ടിക്കറ്റ് മാറ്റാനോ റദ്ദാക്കാനോ സാധിക്കും. ഇത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ലാഭം നല്‍കും. പേരില്‍ തെറ്റ് സംഭവിച്ചാല്‍ അത് തിരുത്താനുള്ള സൗകര്യവും യാത്രക്കാർക്ക് ആശ്വാസമാകും.