മുസ്ളീം വിരുദ്ധ മുദ്രാവാക്യം മുഴക്കി ഹിന്ദുവീടുകളിൽ വാളുകൾ വിതരണം ചെയ്‌തവർ അറസ്‌റ്റിൽ

മുസ്ളീം വിരുദ്ധ മുദ്രാവാക്യം മുഴക്കി ഹിന്ദുവീടുകളിൽ വാളുകൾ വിതരണം ചെയ്‌തവർ അറസ്‌റ്റിൽ

ഗാസിയാബാദ്: ഹിന്ദു അനുകൂലവും മുസ്ലിം വിരുദ്ധവുമായ മുദ്രാവാക്യം മുഴക്കി വീടുകള്‍ തോറും കയറിയിറങ്ങി വാളുകള്‍ വിതരണം ചെയ്‌ത ഹിന്ദു രക്ഷാ ദൾ പ്രവർത്തകർ അറസ്റ്റിൽ. ഹിന്ദു രക്ഷാ ദളിന്‍റെ ആറ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ കോളനിയിലാണ് സംഘം വാളുകള്‍ വിതരണം ചെയ്‌തത്.

ഹിന്ദു രക്ഷാ ദളിന്‍റെ പ്രസിഡന്‍റ് ഭൂപേന്ദ്ര ചൗധരി 'പിങ്കി' ഉള്‍പ്പെടെയാണ് കേസിലെ പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഭാരതീയ ന്യായ സംഹിതയുടെ 191(2) (കലാപത്തിന് കുറ്റം), 191(3) (കലാപത്തിന് കുറ്റം, മാരകായുധം കൈവശം വയ്ക്കുക അല്ലെങ്കിൽ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന എന്തെങ്കിലും, മരണത്തിന് കാരണമാകുന്ന എന്തെങ്കിലും), 127(2) (അനധികൃതമായി തടങ്കലിൽ വയ്ക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് ട്രാൻസ് ഹിൻഡൺ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നിമിഷ് പാട്ടീൽ പറഞ്ഞു.

പ്രതികളില്‍ പലരും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചില്‍ പൊലീസ് നടത്തിവരുന്നു. പ്രതികളില്‍ ചിലരെ തിരിച്ചറിയാനുണ്ട്. "സമാധാനവും ക്രമസമാധാനവും തകർക്കാൻ ഒരു സംഘടനയേയും പൊലീസ് അനുവദിക്കില്ല. തിരിച്ചറിഞ്ഞതും തിരിച്ചറിയാത്തതുമായ എല്ലാ പ്രതികളെയും ഉടൻ പിടികൂടും. അവരെല്ലാം നിലവിൽ ഒളിവിലാണ്," നിമിഷ് പാട്ടീൽ പറഞ്ഞു.

അതേസമയം, ഭൂപേന്ദ്ര ചൗധരി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഹിന്ദു കുടുംബങ്ങളെ ആക്രമിക്കുകയും ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളെ നേരിടാൻ 250 ആയുധങ്ങൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്‌തിട്ടുണ്ടെന്നായിരുന്നു വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്.

"മുസ്ലീങ്ങളെ നേരിടാൻ ഹിന്ദുക്കൾ ആയുധങ്ങൾ ധരിച്ചിരിക്കണം. ഹിന്ദു രക്ഷാ ദൾ ഹിന്ദു സമൂഹത്തെ സഹായിക്കും. നിലവില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ വളരെ ദയനീയമാണ്. അവിടെ ഹിന്ദുക്കൾ കൊല്ലപ്പെടുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ പോലെയാകാൻ ഞങ്ങൾ അനുവദിക്കില്ല," -ഭൂപേന്ദ്ര ചൗധരി വീഡിയോയിൽ പറഞ്ഞു.

മുസ്ലിം ജനസംഖ്യ ഏറെയുള്ള പ്രദേശമാണ് ഗാസിയാബാദിന് സമീപമുള്ള ഷഹീദി നഗറും പസോണ്ടയും. ഇവിടങ്ങളിലെ ക്രമസമാധാന നില പൊലീസ് നിരീക്ഷിച്ചുവരികയാണെന്ന് ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു.

ബംഗ്ലാദേശിലെ പ്രശ്‌നങ്ങളുടെ അലയൊലി ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രകടമാണ്. അടുത്തിടെ വലിയ തോതില്‍ ഇന്ത്യയുടെ മതേതരത്വത്തിന് എതിരായി പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ക്രിസ്‌മസ് ആഘോഷ വേളയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.