മുഖ്യമന്ത്രി സ്ഥാന വിവാദം : 'വാക്കാണ് ഏറ്റവും വലിയ ലോകശക്തി' എന്ന ഓർമപ്പെടുത്തലുമായി ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ ശ്രദ്ധയേമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ എക്‌സ് പോസ്‌റ്റ്. വാക്കാണ് ഏറ്റവും വലിയ ലോകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് വലിയ കരുത്തെന്നുമാണ് ഡികെ ശിവകുമാർ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്.
"ജഡ്‌ജി ആയലും പ്രസിഡൻ്റ് ആയാലും ഞാൻ ഉൾപ്പെടെ മറ്റ് ആരായാലും എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് എറ്റവും വലിയശക്തി. അതിനെ ബഹുമാനിക്കണം", ശിവകുമാർ എക്‌സിൽ കുറിച്ചു.
അതേസമയം കർണാടക വിഷയം ചർച്ച ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തും. ഡിസംബർ ഒന്നിനു പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് വിഷയത്തിൽ പരിഹാരമുണ്ടാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയേയും ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഖാർഗെ പറഞ്ഞു.താൻ ഡൽഹിയിൽ എത്തി കഴിഞ്ഞാൽ ഈ വിഷയത്തിൽ ചർച്ചകൾ ആരംഭിക്കും. പ്രധാന നേതാക്കളുമായി സംസാരിച്ച് വിഷയം പരിഹരിക്കുമെന്നും ഖാർഗെ മാധ്യമങ്ങളോടായി പറഞ്ഞു. അതേസമയം ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും താൻ പാലിക്കുമെന്നും ചർച്ചകൾ നടത്തിയ ശേഷം ഖാർഗെ വിളിക്കട്ടെ എന്നും അതിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.ഇതിന് മുൻപും ഖാർഗെയുമായി സിദ്ധരാമയ്യ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഒരു ചർച്ചയും നടന്നില്ലെന്നും, നേതൃമാറ്റം വെറും ഊഹാപോഹങ്ങൾ മാത്രമാണ് എന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ, ജിബിഎ മേഖലയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ എന്നിവയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്‌തു. ഇതൊരു സൗഹൃദ കൂടിക്കാഴ്‌ച മാത്രമാണ്' എന്നാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഖാർഗെയെ കണ്ടശേഷം പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ പക്ഷം അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2023 മേയ് 20 നായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത്. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കി കഴിഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദം ശിവകുമാറിന് കൈമാറണമെന്ന ആവശ്യം ഉയർന്നത്.സിദ്ധരാമയ്യ മുഖ്യമന്ത്രിയായതോടെ ഒരു അധികാര പങ്കുവയ്‌ക്കൽ കരാർ നടത്തായതായി റിപ്പോർട്ടുകളുണ്ട്. ഈ കരാർ അനുസരിച്ച് രണ്ടര വർഷത്തിന് ശേഷം സിദ്ധരാമയ്യ പദവി ഒഴിയുകയും ശിവകുമാർ മുഖ്യമന്ത്രി പദവിയിൽ എത്തുകയും ചെയ്യും.