ഡോംബിവലി അമലോത്ഭവമാതാ ദേവാലയ തിരുന്നാളിന് കൊടിയേറി

മുംബൈ: കല്യാൺ അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയായ ഡോംബിവലി അമലോത്ഭവമാതാ ദേവാലയത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആചരണങ്ങൾക്ക് ഇന്ന് ഭക്തിപൂർവം തുടക്കമായി. കല്യാൺ അതിരൂപത മീഡിയ സെൽ ഡയറക്ടർ ഫാ. കിരൺ എലുവത്തിംഗൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തിരുനാളിന്റെ ആത്മീയതയും ഉത്സവാത്മകതയും നിറഞ്ഞു നിന്നു.
നാളെ (നവംബർ -22 ) തിരുനാൾ പരിപാടികളിൽ 'ഫൺ ഫീസ്റ്റ് ആഘോഷങ്ങൾ നടക്കും . കുടുംബംങ്ങൾക്കും, കുട്ടികൾക്കും, യുവജനങ്ങൾക്കുമായി വിവിധ വിനോദ-സാംസ്കാരിക പരിപാടികൾ, വ്യത്യസ്ത രുചികൾ ഉൾകൊള്ളുന്ന ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഫൺ ഫീസ്റ്റിന്റെ പ്രധാന ആകർഷണം.
തിരുന്നാളിൻ്റെ പ്രധാനദിനമായ നവംബർ 30-ന് വൈകുന്നേരം ആഘോഷമായ ദിവ്യബലി അർപ്പിക്കപ്പെടും. തുടർന്ന് വാദ്യമേളങ്ങൾ, ദീപാലങ്കാരങ്ങൾ, എന്നിവയുടെ അകംപടിയോടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വണങ്ങൽ, നേർച്ചവിതരണം, കരിമരുന്ന് കലാപ്രകടനം എന്നിവയും നടത്തപ്പെടും. ഈ കൊല്ലത്തെ തിരുനാൾ ദിനങ്ങളിലെ വൈവിധ്യമാർന്ന പരിപാടികൾ ഇടവക സമൂഹത്തിനും വിശ്വാസികൾക്കും പ്രത്യേക അനുഭവമാകുമെന്നും ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മുടക്കാലിൽ അറിയിച്ചു.