വൈഷ്‌ണയുടെ മത്സരാവകാശം നിഷേധിക്കരുത്, 19-ന് മുമ്പ് അന്തിമ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാനുള്ള അവകാശം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വൈഷ്ണയെ വോട്ടർപട്ടികയിൽ നിന്ന് നീക്കിയ നടപടി അനാവശ്യമാണെന്ന് ഹർജി പരിഗണിക്കവെ കോടതി രൂക്ഷമായി വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും 18ന് ഹിയറിങ് നടത്തി നവംബർ 19-ന് മുമ്പ് അന്തിമ തീരുമാനമെടുക്കണം. ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോൾ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് അനീതിയാണ്. കുട്ടിയെ മത്സരിക്കാൻ അനുവദിക്കണം, അല്ലാത്തപക്ഷം കോടതി അസാധാരണ അധികാരം പ്രയോഗിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ മുന്നറിയിപ്പ് നൽകി.
"ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നത്?" എന്ന് കോടതി കമ്മീഷനോട് ചോദിച്ചു. രാഷ്ട്രീയ കാരണത്താൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി പരാമർശിച്ചു. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്‍പ്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോര്‍പ്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
കോർപ്പറേഷനിലെ ഏതെങ്കിലും ഒരു വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
സപ്ലിമെൻ്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ വൈഷ്ണയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനും കഴിഞ്ഞില്ല. പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന വൈഷ്ണയുടെ അപേക്ഷയും സിപിഎമ്മിൻ്റെ പരാതിയും പരിഗണിച്ച ശേഷം ഹിയറിങ് നടത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത്.വൈഷ്ണയ്ക്ക് ജോലി ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, പാർട്ട് ടൈം ജോലി മാത്രമാണ് ഉള്ളതെന്ന് അഭിഭാഷകൻ മറുപടി നൽകി. വോട്ടർ പട്ടിക പ്രശ്നം കാരണം മത്സരരംഗത്ത് നിന്ന് പുറത്താക്കപ്പെട്ടേക്കാവുന്ന ഒരു സ്ഥാനാർഥിക്ക് അനുകൂലമായി വന്ന ഈ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നിർണായകമാകും.രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി വോട്ടർ പട്ടികയിൽ നിന്ന് തൻ്റെ പേര് വെട്ടിയെന്ന് ആരോപിച്ചാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണ്. ഹിയറിങ് സമയത്ത് താൻ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായാണ് പേര് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും വൈഷ്ണ ഹർജിയിൽ പറഞ്ഞിരുന്നു.