നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിൻ്റെ മരണo: ഡോ. ബിന്ദു സുന്ദറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിൻ്റെ മരണo: ഡോ. ബിന്ദു സുന്ദറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ. ബിന്ദു സുന്ദറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. നവജാത ശിശുവിൻ്റെ ചികിത്സാ പിഴവുകൾ സംഭവിച്ചതായിട്ടുള്ള ആരോപണങ്ങൾക്ക് പുറമേ കൈക്കൂലി വാങ്ങിയതായുള്ള ആരോപണവും ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനാലാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) പുറത്തെടുത്ത കുഞ്ഞ് ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിൻ്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് വെളുപ്പിന് നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയെങ്കിലും സ്വഭാവിക പ്രസവം നടത്താൻ ഡോക്ടറും നഴ്‌സുമാരും നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ ഉയർത്തുന്ന വാദം. പിന്നീട് സ്വാഭാവിക രീതിയിൽ പ്രസവം നടക്കാതിരുന്നതോടെ ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസ തടസമാണ് കുട്ടിയുടെ മരണകാരണമെന്നാണ് ഡോക്ടർ വ്യക്തമാക്കിയിരിക്കുന്നത്.

തുടർന്ന് ആശുപത്രി പരിസരത്ത് ബന്ധുക്കൾ നടത്തിയ പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഭാഗമായി. ഇതോടെ സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ ശക്തമായപ്പോൾ ഇന്നലെ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിരുന്നു.ഡോക്ടർക്കെതിരെ മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന വ്യക്തമാക്കി. ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിൻ്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.