'ദേവയാനി’യായി ഡോ.നീനാ പ്രസാദ് നാളെ മുംബൈയിൽ

മുംബൈ: പ്രശസ്ത മോഹിനിയാട്ടം കലാകാരിയും ഗവേഷകയും അധ്യാപികയുമായ ഗുരു ഡോ. നീന പ്രസാദ് അവതരിപ്പിക്കുന്ന 'നീനാ മോഹനം' നാളെ (മാർച്ച് 21) താനെയിലെ ഉപവൻ ആംഫി തിയേറ്ററിൽ നടക്കും .പിതാവിന്‍റെ വാത്സല്യവും മകളുടെ പിടിവാശിയും അവളുടെ തീരുമാനങ്ങൾ വരുത്തിവെക്കുന്ന ആഘാതങ്ങളും പ്രമേയമാകുന്ന 'ദേവയാനി'എന്ന നൃത്താവിഷ്കാരത്തോടോപ്പം നീനാ പ്രസാദിൻ്റെ മറ്റവതരണങ്ങളും ഈ നൃത്തസന്ധ്യയിൽ അരങ്ങേറും .
താനെയിലെ ധ്വനി - സ്പേസ് ഓഫ് ഡാൻസ് സ്കൂൾ, ഇപ്റ്റ കേരള മുംബൈ ഘടകവുമായിചേർന്നുകൊണ്ടാണ് ഈ നൃത്തപരിപാടി സംഘടിപ്പിക്കുന്നത്.

ശുകപുത്രിയായ ദേവയാനിയുടെ കഥ
പുരാണങ്ങളിൽ നിന്നുള്ള ദേവയാനിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ നൃത്താവിഷ്‌കാരം ഒരു പെൺകുട്ടിയുടെ വികാരങ്ങളെയും ബാലിശമായ തീരുമാനങ്ങളെയും അതിൻ്റെ അനന്തര ഫലങ്ങളെയും അവതരിപ്പിക്കുന്നു.കിണറ്റിൽ വീണു പോയ ദേവയാനിയെ രക്ഷിച്ച ചന്ദ്രവംശ രാജാവായിരുന്ന യയാതിയെ ഭർത്താവായി വേണമെന്നാവശ്യപ്പെട്ടപ്പോൾ, അച്ഛനായ ശുക്രചാര്യർ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന കഥയിലെ പ്രധാന ഘട്ടത്തെയാണ് നീന പ്രസാദ് രംഗത്തെത്തിക്കുന്നത്.മൃതസഞ്ജീവനി മന്ത്രം പഠിക്കാൻ വന്ന കചനുമായി ദേവയാനി അനുരാഗബദ്ധയാകുകയും പിന്നീട് ദുരന്തങ്ങൾക്ക് വഴിതെളിക്കുന്നതിലേക്ക് കഥ വികസിക്കുകയും ചെയ്യുന്നുണ്ട്.

വർത്തമാനകാലത്ത് പ്രണയത്തിൽപെട്ട് ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ പക്വതയില്ലാതെ എടുക്കുന്ന കൗമാര മനോഭാവവും അതിൻ്റെ പ്രതിഫലനങ്ങളും കൂടി അവതരിപ്പിക്കുക വഴി ഈ നൃത്തശില്പത്തെ നീന പ്രസാദ് കാലിക പ്രസക്തമാക്കി മാറ്റുന്നുമുണ്ട്.
കേരളത്തിൻ്റെ തനത് ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടത്തെ ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിച്ച് ലോക പ്രശസ്തയായ കലാകാരിയാണ് ഡോ.നീന പ്രസാദ്. നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി എന്നതിനുപരിയായി കാലാനുസൃതമായി മോഹിനിയാട്ടത്തിന് പുതിയ പരിപ്രേക്ഷ്യങ്ങൾ അവർ നൽകിവരുന്നുമുണ്ട് .
പരിപാടിയിലേക്ക് എല്ലാകലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .
വിവരങ്ങൾക്ക്: +91 86523 52427
