ആസ്വാദക മനം കവർന്ന് ഡോ.നീനാപ്രസാദിൻ്റെ 'നീനാമോഹനം' അരങ്ങേറി

ആസ്വാദക മനം കവർന്ന് ഡോ.നീനാപ്രസാദിൻ്റെ  'നീനാമോഹനം' അരങ്ങേറി

മുംബൈ: നയന മനോഹര നടനങ്ങളും ചിന്തോദ്ദീപകമായ നാട്യങ്ങളും കൊണ്ട് ദേവയാനിയുടെ കഥ പറഞ്ഞ  ഡോ.നീനാപ്രസാദിൻ്റെ നൃത്താവിഷ്‌കാരം 'നീനാമോഹനം', താനെ - ഉപവൻ ആംഫി തിയറ്ററിൽ നടന്നു .മോഹിനിയാട്ടത്തിൻ്റെ ക്ളാസ്സിക് പരിചരണത്തിന് മനോധർമ്മത്തിൻ്റെ സൂക്ഷ്മധാരകളാൽ ഇഴ ചേർത്ത അവതരണം മുംബൈയിലെ കലാസ്വാദകർക്ക് വ്യതിരിക്തമായ അനുഭവമായി മാറി.ആത്യന്തികമായ മനുഷ്യാവസ്ഥകളിലൂടെയുള്ള ഒരു യാത്രയുടെ ദുരന്തപൂർണമായ അന്ത്യത്തെ പ്രേക്ഷകരിൽ അനുഭവിപ്പിക്കുകയായിരുന്നു നർത്തകി .

ധ്വനി സ്പേസ് ഓഫ് ഡാൻസ്, ഇപ്റ്റ കേരള മുംബൈ ചാപ്റ്ററുമായി ചേർന്നുകൊണ്ട് സംഘടിപ്പിച്ച പരിപാടി നിറഞ്ഞ സദസ്സിലാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. പരിചിതമായ ദേവയാനി ചരിതത്തിന്, സമത്വത്തിൻ്റെയും സമഭാവനയുടെയും അഭാവത്തിൽ സംഭവിക്കുന്ന കാമമോഹങ്ങൾ  അഹംബോധവുമായി ചേരുമ്പോൾ സംഭവിക്കുന്നത് എന്ത് എന്ന അന്വേഷണമാക്കി മാറ്റുകയായിരുന്നു നീനാ പ്രസാദ് ,തൻ്റെ നൃത്താവിഷ്‌ക്കാരത്തിലൂടെ. 'ദേവയാനി'യെ  മുംബൈയിൽ ഇതാദ്യമായാണ്  നീന പ്രസാദ് അവതരിപ്പിക്കുന്നത്.ഇത് കൂടാതെ  മോഹിനിയാട്ടത്തിലെ മറ്റവതരണങ്ങളും വേദിയിൽ അരങ്ങേറി. വിശ്രുത കർണ്ണാട്ടിക് സംഗീതജ്ഞൻ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയുടെ ശ്രുതി മധുരമായ ആലാപനം ദേവയാനിയുടെ അവസ്ഥാന്തരങ്ങളെ പ്രേക്ഷകരുടെ ഹൃദയത്തിലെത്തിക്കുവാൻ സഹായകമാക്കി.രമേഷ് ബാബു മൃദംഗത്തിലും വയലിനിൽ വിജു എസ് ആനന്ദും ഇടക്കയിൽ കലാമണ്ഡലം അരുൺ ദാസും ചൊല്ലുകളാൽ അശ്വതി കൃഷ്ണയും 'നീനാ മോഹന'ത്തിന്  മിഴിവ് പകർന്നു.

സ്മിത അനീഷ് കുമാർ സ്വാഗതം പറഞ്ഞ ഉദ്‌ഘാടന ചടങ്ങിൽ നീന പ്രസാദിൻ്റെ ശിഷ്യ ഡിംപിൾ ഗിരീഷ് നന്ദി പറഞ്ഞു.സാമൂഹ്യ പ്രവർത്തകരായ  ലയൺ കുമാരൻ നായർ,  എം.എ.ദാമോദരൻ, മോഹൻദാസ് (SNMS ), ഗിരീഷ് ഗോപാലൻ, കഥകളി കലാകാരി താര വർമ്മ, ഇപ്റ്റയുടെ പ്രവർത്തകരായ വി.സുബ്രഹ്മണ്യൻ, ഷോളി സതികുമാർ, ജി.വിശ്വനാഥൻ, രേണു മണിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇപ്റ്റ കേരള മുംബൈ ഘടകം പ്രവർത്തകർ പരിപാടിയ്ക്ക്  നേതൃത്വം നൽകി.