ഡൽഹി സ്ഫോടനം; പ്രതി ഡോ. ഷഹീൻ ഷാഹിദ് ആക്രമണം നടത്താന്‍ റിക്രൂട്ട് ചെയ്യാനിരുന്നത് സ്ത്രീകളെ

ഡൽഹി സ്ഫോടനം; പ്രതി ഡോ. ഷഹീൻ ഷാഹിദ് ആക്രമണം നടത്താന്‍ റിക്രൂട്ട് ചെയ്യാനിരുന്നത് സ്ത്രീകളെ

ഫരീദാബാദ്: നവംബർ 10-ലെ ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് "വൈറ്റ് കോളർ ഭീകര മൊഡ്യൂൾ" കേസിൽ അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദിന്‍റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഭീകരാക്രമണം നടപ്പാക്കുന്നതിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ ഷഹീൻ ഷാഹിദ് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദ് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുൻ ഫാർമക്കോളജിസ്റ്റ് ആയിരുന്ന ഷഹീൻ ഷാഹിദിനെ ദേശീയ അന്വേഷണ ഏജൻസി (NIA) വ്യാഴാഴ്ച യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് ഈ സുപ്രധാന വിവരം പുറത്തുവന്നത്. ദൗത്യത്തിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ അവർ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.

ഷാഹിദിന്‍റെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ എൻഐഎ സംഘം 18.5 ലക്ഷം രൂപ കൂടാതെ സ്വർണ ബിസ്‌കറ്റുകളും, വിദേശ കറൻസികളും കണ്ടെടുത്തു.അന്വേഷണത്തിന്‍റെ ഭാഗമായി എൻഐഎ നേരത്തെ കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിലിനെ തിരിച്ചറിയലിനായി കാമ്പസിൽ കൊണ്ടുവന്നിരുന്നു. ഉടൻ തന്നെ മറ്റൊരു പ്രതിയായ ഡോ. ആദിൽ അഹമ്മദിനെയും സ്ഥലപരിശോധനയ്ക്കായി യൂണിവേഴ്സിറ്റിയിൽ എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ഷാഹിദ് 2014 മുതൽ 2018 വരെ നാല് വർഷം സൗദി അറേബ്യയിൽ താമസിക്കുകയും അവിടെ ഒരു മെഡിക്കൽ കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.

തെളിവെടുപ്പിന്‍റെ ഭാഗമായി എൻഐഎ സംഘം ഷാഹിദിനെ മെഡിക്കൽ വാർഡ്, ക്ലാസ് റൂം, അവരുടെ കാബിൻ എന്നിവിടങ്ങളിൽ കൊണ്ടുപോയി പ്രവർത്തനങ്ങളെക്കുറിച്ചും അവിടെയുള്ള ബന്ധങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ശേഖരിച്ചു.ഷാഹിദ് ഇടപെഴകിയ ആളുകളുടെ പട്ടിക ഏജൻസി തയാറാക്കിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂടാതെ, ഡോ. മുസമ്മിൽ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ സാധനങ്ങൾ വാങ്ങിയതായി കരുതുന്ന ഒരു കെമിക്കൽ ഷോപ്പിലേക്കും എൻഐഎ സംഘം ഷാഹിദിനെ കൊണ്ടുപോയിരുന്നു.ഏകദേശം നാല് മണിക്കൂറോളം നീണ്ട അന്വേഷണത്തിനും ചോദ്യം ചെയ്യലിനും സ്ഥലപരിശോധനകൾക്കും ശേഷം രാത്രി 9:00 മണിയോടെ ഷാഹിദിനെ ഡൽഹിയിലേക്ക് തിരികെ കൊണ്ടുപോയി. അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ താമസിക്കുന്ന സമയത്തും ഷാഹിദ് ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നെന്നും ആളുകളെ ബന്ധിപ്പിച്ച് ഒരു ശൃംഖല സ്ഥാപിക്കുകയായിരുന്നെന്നും നിലവിലുള്ള അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് ചെങ്കോട്ടയിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് സ്ഫോടനമുണ്ടായത്. നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ലാൽ ക്വില മെട്രോ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ ഗേറ്റിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൻ്റെ ആഘാതം വളരെ കൂടുതലായതിനാൽ തൊട്ട് അടുത്ത് നിർത്തിയിട്ട കാറുകളും മറ്റും നിമിഷ നേരം കൊണ്ട് കത്തി ചാമ്പലായി. ഇ- റിക്ഷകൾ ഉൾപ്പെടെ ഏകദേശം രണ്ട് ഡസൻ വാഹനങ്ങളാണ് കത്തി നശിച്ചത്.ഗുരുദ്വാര സിസ് ഗഞ്ച്, ഗൗരി ശങ്കർ ക്ഷേത്രം, ജൈന ക്ഷേത്രം, ബേർഡ് ആശുപത്രി, ജുമാ മസ്‌ജിദ് എന്നിവ സ്‌ഫോടന സ്ഥലത്തിന് 150 മീറ്റർ ചുറ്റളവിന് ഉള്ളില്‍ സ്ഥിതി ചെയ്യുന്നു. അപകടം നടന്ന സമയം തൊട്ട് അടുത്തുള്ള ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.