കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ .റോയ് യുടെ മൃതദേഹം സംസ്‌കരിച്ചു

കോൺഫിഡൻ്റ് ഗ്രൂപ്പ്  ഉടമ സി.ജെ .റോയ് യുടെ മൃതദേഹം സംസ്‌കരിച്ചു

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് കമ്പനിയായ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഉടമയുമായ സിജെ റോയിയുടെ മൃതദേഹം സംസ്‌കരിച്ചു. സഹോദരൻ്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലായിരുന്നു സംസ്‌കാരം. ഉച്ചക്ക് ഒരുമണി വരെ സഹോദരൻ്റെ വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു സംസ്‌കാരം.

ജനുവരി 30 നായിരുന്നു വ്യവസായ രംഗത്തെ ഒന്നടങ്കം ഞെട്ടിച്ച റോയിയുടെ ആത്മഹത്യ. ബെംഗളുരുവിലെ അശോക്‌നഗറിലെ റിച്ച് മോണ്ട് സര്‍ക്കിളിലുള്ള കോര്‍പ്പറേറ്റ് ഓഫീസിനുള്ളില്‍ സ്വയം വെടിവച്ചാണ് റോയി മരിച്ചത്.വെടിയൊച്ച കേട്ടയുടനെ ജീവനക്കാർ റോയിയുടെ മുറിയിലേയ്‌ക്ക് ഓടിയെത്തിയപ്പോൾ അവിടെ ചോരയിൽ കുളിച്ച് കിടക്കുന്ന റോയിയെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സിജെ റോയിയുടെ വസതികളിൽ റെയ്‌ഡ് നടപടികൾ നടന്നുവരികയായിരുന്നു. കേന്ദ്ര ഏജൻസിയുടെ സമ്മർദം മൂലമാകാം റോയി ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ സഹോദരൻ പറഞ്ഞത്.അതേസമയം റോയിയുടെ ആത്മഹത്യാക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്‌ഐടി) കർണാടക സർക്കാർ രൂപീകരിച്ചു. റോയിയുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായി അന്വേഷണിക്കുന്നതിനാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ പറഞ്ഞു.


കേരളത്തില്‍ ജനിച്ച് ബെംഗളുരുവില്‍ വളര്‍ന്ന റോയ് ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മെക്കാനിക്കല്‍ എന്‍ജിനിയറിംങ്ൽ ബിരുദം നേടിയശേഷം  അമേരിക്കന്‍ ടെക് കമ്പനിയായ  ഫോർച്യൂൺ 500ൻ്റെ  ഹ്യൂലറ്റ്-പാക്കാർഡില്‍ പ്ലാനിങ് മാനേജരായിരിക്കെ അതു രാജി വച്ചാണ് 2005 ല്‍ 'കോണ്‍ഫിഡന്‍റ് ഗ്രൂപ്പി'ന് തുടക്കമിടുന്നത്.ഏഴ് പേര്‍ ചേര്‍ന്ന് 100 കോടി രൂപയുടെ പ്രാംരംഭ നിക്ഷേപവുമായി ബെംഗളുരുവിലായിരുന്നു തുടക്കം. പിന്നീട് കൊച്ചി, സിംഗപ്പൂര്‍, ദുബായ് എന്നീ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു.

. 2006ല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് അമര്‍ന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്‍റെ റിയല്‍ എസ്റ്റേറ്റ് പരീക്ഷണങ്ങള്‍. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ കരുത്താണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്‌പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്‌ടപ്പെട്ട നൂറോളം പേര്‍ക്ക് 'കോണ്‍ഫിഡന്‍റ്  ഗ്രൂപ്പ് വീടു വച്ചു കൊടുത്തിട്ടുണ്ട് . നൂറിലധികം ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ക്ക്  ധനസഹായം നല്‍കി. അതോടൊപ്പം നിര്‍ധനരായ കുട്ടികളുടെ പഠനമടക്കമുള്ള ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും റോയ്‌യുടെ നേതൃത്വത്തില്‍ നല്‍കി വരുന്നുണ്ടായിരുന്നു.

റിയാലിറ്റിഷോ, സിനിമാ വ്യവസായത്തിലേക്ക്  

വര്‍ഷങ്ങളായി തുടരുന്ന 'ഐഡിയ സ്റ്റാര്‍ സിംഗർ'  എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്ക് സി.ജെ റോയ് എന്ന ബിസിനസുകാരനെ പരിചിതമാകുന്നത് . ഈ ഷോയുടെ സ്പോണ്‍സര്‍ എന്ന നിലയിലാണ് 'കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് 'എന്ന ബ്രാന്‍ഡ് മലയാളികളുടെ മനസ്സിൽ പതിയുന്നത് . അന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്ലാറ്റാണ് മത്സരാര്‍ഥികള്‍ക്ക് സമ്മാനമായി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒരു കാലത്ത് ആ കാഴ്‌ച കാണാന്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്നിരുന്നു.പിന്നീട് ജനപ്രിയ പരിപാടിയായ കന്നഡ 'സീസണ്‍ 11 ബിഗ് ബോസും' കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്തു. അങ്ങനെ ഒരു ഡസനിലധികം ടിവി ഷോകള്‍! ഏറ്റെടുത്ത എല്ലാ റിയാലിറ്റി ഷോകളും വമ്പന്‍ വിജയമായി മാറി .  പിന്നീടാണ് റിയാലിറ്റി ഷോയില്‍ നിന്ന് അദ്ധേഹം സിനിമയിലേക്ക് ചുവട് മാറ്റുന്നത് .2012 ല്‍ മോഹന്‍ലാല്‍ നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചിത്രം കാസനോവ നിര്‍മിച്ചുകൊണ്ടാണ് സിനിമാ രംഗത്തേക്ക് സി. ജെ. റോയ് കടന്നു വന്നത്. അന്ന് മലയാള ചലച്ചിത്ര വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ എത്തിയ സിനിമകളിലൊന്നായിരുന്നു അത്. പിന്നീട് മോഹന്‍ലാലിന്‍റേത് തന്നെ വമ്പന്‍ മുതല്‍ മുടക്കില്‍ എത്തിയ 'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം 'എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിലും അദ്ദേഹം പങ്കുച്ചേര്‍ന്നു.'വെള്ളിമൂങ്ങ 'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് സംവിധാനം ചെയ്‌ത് സുരേഷ് ഗോപിയെ നായകനായ  'മേ ഹും മൂസ'യും സിദ്ധിഖ് സംവിധാനം ചെയ്‌ത 'ലേഡീസ് ആന്‍റ് ജെന്‍റില്‍മാനും' ടൊവിനോ തോമസ് നായകായി എത്തിയ 'ഐഡറ്റി'യുമൊക്കെ സി.ജെ. റോയ് നിര്‍മിച്ചു.ഒടുവില്‍ ഭാവന പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'അനോമി-ദ ഇക്ക്വേഷന്‍ ഓഫ് ഡെത്ത് 'എന്ന സിനിമയുടെ സഹനിര്‍മാതാവായി. ഫെബ്രുവരി ആറിന് നിലവില്‍ സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഭാവനയുടെ  നിര്‍മാണ സംരംഭമായ 'ഭാവന ഫിലിംസ്' ആണ് അനോമിയുടെ മറ്റൊരു നിര്‍മാണ പങ്കാളി. കന്നഡയിലും മലയാളത്തിലുായി 11 ചിത്രങ്ങളുടെ നിര്‍മാണത്തില്‍ സി ജെ റോയ് പങ്കാളിയാണ്. ഇതോടൊപ്പം 'ബാംഗ്ലൂര്‍ ഹൈ' എന്നീ സിനിമയും പ്രഖ്യാപിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത് പ്രണവ് മോഹന്‍ലാല്‍ നായകനായ 'ആദി' എന്ന സിനിമയിൽ 'കോണ്‍ഫിഡന്‍റ് റോയ് 'എന്ന കഥാപാത്രമായി അദ്ദേഹം അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.