ലഹരി മാഫിയ ബന്ധം: സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേസിൽ പത്തനംതിട്ട ഡാൻസാഫ് (District Anti-Narcotic Special Action Force) സംഘത്തിലെ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ലഹരി കടത്ത് കേസിലെ പ്രതികളുമായി നിരന്തരം ബന്ധം പുലർത്തിയതിന് റാന്നി സബ് ഡിവിഷനിലെ ഡാൻസാഫ് ടീം അംഗവും റാന്നി സ്റ്റേഷനിലെ പൊലീസുകാരനുമായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി മുബാറക്കിനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് സസ്പെൻഡ് ചെയ്തത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബി. അനിലിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.മുബാറക്കിന് ലഹരി മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയത് എസ്.പി.യുടെ ഡാൻസാഫ് ടീമാണ്. ഇതിന്‍റെ മേൽനോട്ട ചുമതല നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.ക്കാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. മുബാറക്കിനെ സബ് ഡിവിഷൻ ഡാൻസാഫ് ടീമിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു.ഈ വിവരം അറിഞ്ഞ എസ്.പി. കാരണം തിരക്കിയപ്പോഴാണ് ലഹരി മാഫിയ ബന്ധം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എസ്.പി., ഡിവൈ.എസ്.പി.യോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. മുബാറക്കിന്‍റെ ലഹരി മാഫിയ ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ അടക്കം എസ്.പി.ക്ക് ലഭിച്ചിട്ടുണ്ട്. നേരത്തേ സാമൂഹിക മാധ്യമങ്ങളിൽ റീൽസ് പോസ്റ്റ് ചെയ്ത് മുബാറക്ക് വിവാദ നായകനായി മാറിയിരുന്നു. പല തവണ മേലുദ്യോഗസ്ഥർ താക്കീത് ചെയ്തിട്ടും ഇത് ലംഘിച്ച് ഇയാൾ റീൽസ് പോസ്റ്റ് ചെയ്യുന്നത് തുടരുകയായിരുന്നു.ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകളെ സഹായിക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.